റോഡപകടങ്ങൾ കുറയ്ക്കാൻ റോഡ് സുരക്ഷാ അതോറിറ്റി കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി; അപകടങ്ങളൊഴിവാക്കാൻ കോടതിയുടെ നിർദേശങ്ങളും

11

റോഡപകടങ്ങൾ കുറയ്ക്കാൻ റോഡ് സുരക്ഷാ അതോറിറ്റി കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി. അക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും അതോറിറ്റിയും എണ്ണയിട്ട യന്ത്രംപോലെ ഏകോപിതമായി പ്രവർത്തിക്കണം. റോഡ് സുരക്ഷാ അതോറിറ്റിക്കുള്ള ഫണ്ട് യഥാസമയം കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

റോഡപകടം കൂടിവരുന്നത് ആശങ്കാജനകമാണ് -അപകടങ്ങളൊഴിവാക്കാനുള്ള പത്തോളം നിർദേശങ്ങൾ നൽകി കോടതി ഓർമിപ്പിച്ചു. റോഡ് സുരക്ഷാ പ്രശ്നങ്ങളുന്നയിച്ച് ചാലക്കുടിയിലെ സി.എ. സേവ്യർ, തൃശൂരിലെ സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ, ഷാജി ജെ. കോടങ്കണ്ടത്ത് തുടങ്ങിയവരുടെ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണിത്.

പ്രധാന നിർദേശങ്ങൾ:

* റോഡപകടം കുറയ്ക്കാൻ റോഡ് സുരക്ഷാ അതോറിറ്റിയും അതിനുകീഴിലെ സംവിധാനങ്ങളും എത്രയുംവേഗം നടപടിയെടുക്കണം.

* റോഡരികിലെ അപകടകരമായ മരക്കൊമ്പുകളുൾപ്പെടെ സ്ഥിരമോ താത്കാലികമോ ആയ വസ്തുക്കൾ അതോറിറ്റി മൂന്നുമാസത്തിനകം നീക്കണം.

* റോഡരികിലും നടപ്പാതയിലുമുള്ള ഉപയോഗശൂന്യമായ നിർമാണ സാമഗ്രികളും അവശിഷ്ടങ്ങളും വാഹനങ്ങളും മൂന്നുമാസത്തിനകം നീക്കണം.

* റോഡ് വികസനത്തിന് കണ്ടെത്തിയ ഭൂമി എത്രയുംവേഗം ഏറ്റെടുക്കണം. വിട്ടുകൊടുക്കാൻ സമ്മതിച്ച ഭൂമി നഷ്ടപരിഹാരം നൽകി നാലുമാസത്തിനകം ഏറ്റെടുക്കണം. വിട്ടുകൊടുക്കാൻ ഉടമ തയ്യാറായില്ലെങ്കിൽ ഒരുമാസത്തിനകം നോട്ടീസ് നൽകി നടപടിയാരംഭിക്കണം.

* ഇക്കാര്യങ്ങളിൽ അതോറിറ്റിക്ക് ആവശ്യമായ നിയമസംരക്ഷണവും പിന്തുണയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകണം.

* വിവിധ ഏജൻസികൾ റോഡുകൾ ഇടയ്ക്കിടെ കുത്തിക്കുഴിക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും അതോറിറ്റിയുടെയും ഏകോപിത പ്രവർത്തനം വേണം.

* സർക്കാരിന്റെയും അതോറിറ്റിയുടെയും റോഡ് സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ അതോറിറ്റി കർശന നടപടിയെടുക്കണം.

* റോഡ് സുരക്ഷാ നിയമപ്രകാരമുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പാക്കണം.

* റോഡപകടത്തിൽപ്പെടുന്നവർക്ക് അർഹതപ്പെട്ട അടിയന്തര ധനസഹായമുൾപ്പെടെയുള്ളവ യഥാസമയം കിട്ടുന്നെന്നും അതോറിറ്റി ഉറപ്പാക്കണം.