അഴകായ് ആറാട്ടുപുഴ പൂരം: വിസ്മയക്കാഴ്ചയായി ദേവസംഗമം; തേവർക്ക് ഇന്ന് ഉത്രം വിളക്ക്

7

ഭൂമിയിലെ ദൈവങ്ങളുടെ വിസ്മയ കൂടിക്കാഴ്ചയോടെ ആറാട്ടുപുഴ പൂരത്തിന് സമാപനം. കോവിഡ് തീർത്ത ഒരു വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ പൂരത്തെ നാട് മനം നിറഞ്ഞ് ആഘോഷിച്ചു. പതിനഞ്ചാനകളും പഞ്ചാരിമേളവുമായി ആതിഥേയൻ ആറാട്ടുപുഴ ശാസ്താവ്‌ എഴുന്നള്ളി. കുട്ടൻകുളങ്ങര അർജുനൻ ശാസ്താവിന്റെ തിടമ്പേറ്റി. പെരുവനം കുട്ടൻമാരാരും സഹപ്രമാണിമാരും പഞ്ചാരിമേളം തീർത്തു. പെരുവനം സതീശൻ മാരാർ, പഴുവിൽ രഘുമാരാർ എന്നീ പ്രമാണിമാർ ഇടതും വലതും നിരന്നു. കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടിനായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പ്രമാണിമാരായി.

മേളം കലാശിച്ചതോടെ മറ്റ് ദേവീദേവന്മാരുടെ പൂരങ്ങൾ തുടങ്ങി. ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം പഞ്ചാരിമേളത്തോടെ എഴുന്നള്ളി. എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പിൽ പഞ്ചാരിമേളവും.

കൊടകര പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ, അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരുടെ എഴുന്നള്ളിപ്പ്‌ പഞ്ചാരിമേളത്തോടെ നടന്നു. നെട്ടിശ്ശേരി ശാസ്താവിന്റെ എഴുന്നള്ളിപ്പിന് പാണ്ടിമേളം അകമ്പടിയായി.

പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടോടെ മന്ദാരക്കടവിലെ ആറാട്ട് തുടങ്ങി. പുലരിയിലെ കൂട്ടിയെഴുന്നള്ളിപ്പിനായി തേവരുടെ പ്രൗഢമായ എഴുന്നള്ളിപ്പ് കാണാൻ റോഡുകളിൽ ജനം കാത്തുനിന്നു. പ്രൗഡമായിരുന്നു തേവരുടെ എഴുന്നള്ളത്ത്. പ്രജകളുടെ ക്ഷേമം തിരക്കിയുള്ള ഗ്രാമപ്രദക്ഷിണങ്ങൾ പൂർത്തിയാക്കി തന്ത്രി ഇല്ലത്തെ പൂരവും കഴിഞ്ഞ് ക്ഷേത്രത്തിലെത്തിയ തൃപ്രയാർ തേവർ പുത്തൻകുളത്തിൽ ആറാടി. ക്ഷേത്രച്ചടങ്ങുകൾ പൂർത്തിയാക്കി സ്വന്തം പള്ളിയോടത്തിൽ കിഴക്കേക്കരയിലേക്ക് യാത്രയായി.

കിഴക്കേനടയിൽ മണ്ഡപത്തിലിറക്കി എഴുന്നള്ളിച്ച തേവരുടെ സ്വർണക്കോലം തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറ്റിയപ്പോൾ സായുധപോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. അതോടെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കാനുള്ള തേവരുടെ രാജകീയ എഴുന്നള്ളിപ്പിന് തുടക്കമായി.

വാളും പരിചയുമേന്തിയ അകമ്പടിക്കാരും കുത്തുവിളക്കും തീവെട്ടിയും മംഗളവാദ്യവുമായുള്ള പ്രൗഢഗംഭീരയാത്രയിലുടനീളം നിറപറയും നിറകണ്ണുകളുമായി ഭക്തർ വരവേറ്റു. തേവർ ചിറയ്ക്കലെത്തിയപ്പോൾ കൂടൽമാണിക്യക്ഷേത്രത്തിൽനിന്നുള്ള പുഷ്പഹാരം ചാർത്തി. തുടർന്ന് എഴുന്നള്ളുന്ന തേവർ പല്ലിശ്ശേരി സെന്ററിലെ മൂന്ന് ആനകളോടുകൂടിയുള്ള പഞ്ചവാദ്യം കഴിഞ്ഞ് കൈതവളപ്പിൽ എത്തിച്ചേർന്നു. കാത്ത് നിന്നിരുന്ന ശാസ്താവ് തേവരെ വരവേറ്റു. ആറാട്ടുപുഴയിലെത്തിയ തേവർ പൂരത്തിന്റെ നായക സ്ഥാനം ഏറ്റെടുത്തു. പുലർച്ചെയായിരുന്നു ഭൂമിയിലെ ദേവ സംഗമം. പൂരത്തിൽ പങ്കെടുക്കാനായി ഇന്നലെ ദേവകളെല്ലാം ആറാട്ടുപുഴയിലേക്ക് പോവുന്നതിനാൽ ക്ഷേത്രങ്ങളെല്ലാം നേരത്തെ അടച്ചിരുന്നു. കോവിഡ് നിയന്ത്രങ്ങൾക്കിടയിലും ഭൂമിയിലെ ദേവസംഗമ കൂടിക്കാഴ്ച കാണാൻ ആയിരങ്ങളാണ് ആറാട്ടുപുഴ പാടത്ത് എത്തിയത്. ദേവകളുടെ ആറാട്ടിനു ശേഷമായിരുന്നു തേവരുടെ മടക്കം. പൂരച്ചടങ്ങുകൾക്ക് സമാപനംകുറിച്ച് ശനിയാഴ്ച തൃപ്രയാർ ക്ഷേത്രത്തിൽ ഉത്രംവിളക്ക് ആഘോഷിക്കും. ആറാട്ടുപുഴ പൂരം കഴിഞ്ഞെത്തുന്ന തേവർക്ക് മകീര്യം പുറപ്പാടുദിവസത്തെ ചടങ്ങുകൾ ആവർത്തിക്കും. തുടർന്ന് സേതുകുളം ആറാട്ടിന് തേവർ എഴുന്നള്ളും. ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുന്ന തേവർ വിളക്കാചാരം കഴിഞ്ഞാൽ അകത്തേക്ക് എഴുന്നള്ളും.