കൊക്കാലെയിൽ വൈദ്യുതി ലൈനിൽ നിന്നുള്ള കമ്പിയിൽ തട്ടി കോർപ്പറേഷൻ കൗൺസിലർക്ക് ഷോക്കേറ്റു; വിനോദ് പൊള്ളാഞ്ചേരി ആശുപത്രിയിൽ

204

കൊക്കാലെയിൽ കോർപ്പറേഷൻ അറിയാതെ വൈദ്യുതി മോഷണം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണത്തിനിടെ കമ്പിയിൽ തട്ടി കോർപ്പറേഷൻ കൗൺസിലർക്ക് ഷോക്കേറ്റു. വൈദ്യുതി മോഷണത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചു. കോർപ്പറേഷൻ കൊക്കാലെ ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിക്ക് ആണ് ഷോക്കേറ്റത്. കൊക്കാല കുളത്തിനു സമീപം നവയുഗ വായനശാലയുടെ പിന്‍ഭാഗത്താണ് സംഭവം. ഇവിടെ അനധികൃതമായി കൈയ്യേറ്റം നടത്തി താമസിക്കുകയും കോര്‍പ്പറേഷന്‍റെ വൈദ്യുതി മോഷ്ടിച്ച് അപകടകരമായ രീതിയില്‍ ചെമ്പുകമ്പി ഉപയോഗിച്ച് ഫെന്‍സിംഗ് നടത്തി ഈ സ്ഥലത്തേക്ക് വലിച്ചിരിക്കുകയായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ല് പിടിച്ചു കിടന്നിരുന്ന സ്ഥലം ഡിവിഷന്‍ കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനിടയില്‍ കമ്പിയിൽ തട്ടിയതാണ് കൗണ്‍സിലര്‍ക്ക് ഷോക്കേറ്റത്. ഉടൻ തന്നെ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോർപ്പറേഷൻ സംഘം പരിശോധിച്ചപ്പോഴായിരുന്നു ഭാഗമായാണ് അനധികൃത കൈയ്യേറ്റവും വൈദ്യുതി മോഷണവും കണ്ടെത്തിയത്. ഷോക്കേറ്റ് ചികിത്സയിലായ കൗണ്‍സിലറെ മേയര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. കോർപ്പറേഷൻ വൈദ്യുതി മോഷ്ടിക്കുകയും അപകടകരമായ രീതിയിൽ ക്രമീകരിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ട് ഈസ്റ്റ് പോലീസിന് പരാതി നല്‍കിയതായി മേയർ അറിയിച്ചു.