രണ്ടര മണിക്കൂറിലധികം നേരം കഴുത്തറ്റം മണ്ണിനടിയിൽ: നാടും അഗ്നിരക്ഷാ സേനയും പൊലീസിന്റെയും തീവ്രശ്രമം വിജയിച്ചു; സുശാന്തിനെ രക്ഷിച്ചു

32

കോട്ടയത്ത് മണ്ണിനടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി സുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ശുശാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്. സുശാന്തിനെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞത് ആശങ്ക വര്‍ധിപ്പിച്ചുവെങ്കിലും ഒടുവില്‍ ജീവന് ഒരപകടവും സംഭവിക്കാതെ സുശാന്തിനെ പുറത്തെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാരും.
കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയില്‍ സുശാന്ത് കഴിയുമ്പോള്‍ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് ശുശാന്തിനെ പുറത്തെടുത്തത്.
മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. വെള്ളവും മറ്റും നല്‍കിയ ശേഷമാണ് ആംബുലന്‍സിലേക്ക് മാറ്റിയത്. ശുശാന്തിന് ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കോട്ടയം മറിയപ്പള്ളിക്ക് മടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൺതിട്ടയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്.

Advertisement
Advertisement