വടക്കാഞ്ചേരിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്ക്

32
4 / 100

വടക്കാഞ്ചേരിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്ക്. പാർളിക്കാട് പത്താംകല്ലിലാണ് മണിക്കൂറിനുള്ളിൽ അപകട പരമ്പരയുണ്ടായത്. സ്വകാര്യ ബസും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും സഹയാത്രികനും പരുക്കേറ്റു. ആഡംബര ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് പെട്ടിഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം പ്രദേശത്തെ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തത് പരിഭ്രാന്തി പരത്തി. ആക്രി വസ്തുക്കളുമായി പോകുന്ന പട്ടാമ്പി സ്വദേശികളായ ബഷീർ (32), ഷമീർ (35) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.  സ്വകാര്യ ബസ് തൃശൂർ ഭാഗത്തെക്ക് പോകുന്നതിനിടെ പാർളിക്കാട് പത്താംകല്ല് പ്രദേശത്തു വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് വൈദ്യുത പോസ്റ്റും ഇടിച്ച് തകർത്തു. വടക്കാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന ആഡംബര ബൈക്ക് അതേ ദിശയിൽ നിന്ന് യുടേൺ തിരിയുന്ന വാഗണർ കാറിലിടിച്ച് മറിയുകയായിരുന്നു. ഇരുനിലം കോട് സ്വദേശികളായ റിജിൽ (23), സുഭിൻ (19) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇരു സംഭവങ്ങളിലുമായി പരുക്കേറ്റവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരുടെ ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.