
വാടാനപ്പള്ളിയിൽ ബസ് സ്കൂട്ടറിലിടിച്ച് വയോധികന് ദാരുണാന്ത്യം. മകൾക്ക് പരിക്ക്. വാടാനപ്പള്ളി ഹരിത നഗറിന് വടക്ക് മുത്തനാംപറമ്പിൽ ഉണ്ണികൃഷ്ണൻ (66) ആണ് മരിച്ചത്. മകൾ രാജലക്ഷ്മിക്കാണ് പരിക്കേറ്റത്. തൃശൂർ റോഡിൽ വാടാനപ്പള്ളി സെന്ററിന് കിഴക്കായിരുന്നു അപകടം. പരിക്കേറ്റ രാജലക്ഷ്മി തൃശൂർ അശ്വനി ആശുപത്രിയിൽ ചികിൽസയിലാണ്. ഞായറാഴ്ച രാത്രി 7.26 നായിരുന്നു അപകടം. എറണാംകുളത്ത് ജോലിയുള്ള മകൾ രാജലക്ഷ്മി വാടാനപ്പള്ളി സെന്ററിൽ ബസിൽ വന്നിറങ്ങിയതോടെ ഇവരെ കൂട്ടി ഉണ്ണികൃഷ്ണൻ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തൃശൂരിൽ നിന്ന് വന്നിരുന്ന റോയൽ ബസ് ആണ് ഇടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ ഉണ്ണികൃഷ്ണൻ തൽക്ഷണം മരിച്ചു. സ്കൂട്ടർ തകർന്നു. വിദേശത്തായിരുന്ന ഉണ്ണികൃഷ്ണൻ ജോലി അവസാനിപ്പിച്ച് നാട്ടിലാണ്.