
പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കാട്ടകാമ്പാൽ ഐനൂർ സ്വദേശി നെല്ലിക്കൽ റിജു(41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കൊരട്ടിക്കര ബദരിയ ജുമാമസ്ജിദിന് സമീപമാണ് അപകടം. മലപ്പുറത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്നിരുന്ന സ്കൂട്ടറിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ അകലെയുള്ള വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജുവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു.ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു.