‘മരിക്കുവോളം കവർ ഫോട്ടോയായിട്ട് നിങ്ങളാവും’: മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് സച്ചിയുടെ ജന്മദിനം പങ്കുവെച്ച് നോവായി അനിൽ നെടുമങ്ങാടിന്റെ കുറിപ്പ്

108

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്.ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ പിറന്നാള്‍ ദിവസമായ ഇന്ന്(ഡിസംബര്‍25)അനില്‍ നെടുമങ്ങാട് ഫെയ്‌സ് ബുക്കില്‍ കുറിച്ച പോസ്റ്റിലെ വരികളാണിവ. ഈ കുറിപ്പിട്ട് മണിക്കൂറുകള്‍ക്കു ശേഷം അനിലും ലോകത്തോട് വിട പറഞ്ഞു. നോവായി പടരുകയാണ് അനിലിന്റെ അവസാന കുറിപ്പ്.

അനില്‍ നെടുമങ്ങാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം.ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

ആഭാസം, കിസ്മത്, കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനിലിന് സാധിച്ചിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെയും പ്രകടനം അനിലിന് ഏറെ അഭിനന്ദനങ്ങളും സമ്മാനിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങി കയത്തില്‍പ്പെട്ട് അനില്‍ മുങ്ങിമരിച്ചത്.