കാട്ടകാമ്പാലിൽ കോവിഡ് വ്യാപനം ശക്തം: ഇന്ന് 54 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; നിയന്ത്രണം നാളെയും തുടരാൻ പഞ്ചായത്ത് സർവകക്ഷി യോഗത്തിൽ തീരുമാനം

13

കാട്ടകാമ്പാൽ പഞ്ചായത്തിൽ കോവിഡ് രോഗ വ്യാപനം ശക്തമായതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർവകക്ഷിയോഗത്തിൽ തീരുമാനം. ഇന്ന് 100 പേർക്ക് നടത്തിയ പരിശോധനയിൽ 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 200 ലധികം രോഗികൾ നിലവിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭൂരിഭാഗം വാർഡുകളും കണ്ടെയ്മെന്റ് സോണുകളായിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് പ്രദേശം 144 ആക്കി കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ പഞ്ചായത്തില്‍ ബുധനാഴ്ചയും നിയന്ത്രണങ്ങള്‍ തുടരാൻ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. റേഷന്‍ കടകളും മരുന്നുകടകളും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പലചരക്കു കടകളും പഴം-പച്ചക്കറി കടകളും മാംസ വില്‍പനശാലകളും പ്രവര്‍ത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ, വൈസ് പ്രസിഡന്റ് പി.എ.യദുകൃഷ്ണന്‍ , ബ്ലോക്ക് പഞ്ചായത്തംഗം എന്‍.കെ.ഹരിദാസന്‍, പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാര സംഘടന ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.