കുന്നംകുളം നഗരസഭ ബജറ്റ്: കോവിഡാനന്തര തൊഴിലവസര സൃഷ്ടിയ്ക്കും നഗര ശുചിത്വത്തിനും പ്രാധാന്യം

10
4 / 100

കുന്നംകുളം നഗരസഭാ ബജറ്റിൽ കോവിഡാനന്തരം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന പരിഗണന. ഇതിൻ്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ഉൾപ്പെടുത്തി വർക്ക് നിയർ ഹോം രീതിയിൽ ചെറുകിട ഐടി പാർക്കുകൾ ഈ വർഷം നടപ്പാക്കും. തൊഴിലില്ലാത്ത വീട്ടമ്മമാർക്ക് സംരംഭകശ്രീ ഡാറ്റാ ബാങ്കും കുറഞ്ഞ പലിശ നിരക്കിൽ സംരംഭകത്വ വായ്പകളും പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

നഗരസഭ വൈസ് ചെയർമാൻ സൗമ്യ അനിലൻ കുന്നംകുളം നഗരസഭയുടെ 2020- 21 വർഷത്തെ പുതുക്കിയ ബജറ്റും 2021 -22 വർഷത്തേക്കുള്ള പുതിയ ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്.
2,44,85,786 രൂപ മുന്നിരിപ്പും 109,57,98,288 രൂപ തൻവർഷ നീക്കിയിരിപ്പുമുൾപ്പെടെ 112,02,84,074 രൂപ ആകെ വരവും 100,19,47,904 രൂപയുടെ തൻവർഷ ചെലവും 1,83,36,170 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2020-21 വർഷത്തെ പുതുക്കിയ ബജറ്റും 111,83,36,170 രൂപയുടെ മുന്നിരിപ്പും 196,92,57,200 രൂപയുടെ തൻവർഷ വരവും ഉൾപ്പെടെ 208,75,93,370 രൂപ ആകെ വരവും 196,05,46,900 രൂപ തൻവർഷ ചെലവും 12,70,46,470 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന 2021-22 വർഷത്തെ മതിപ്പ് ബജറ്റുമാണ് അവതരിപ്പിച്ചത്.

കുന്നംകുളത്തിൻ്റെ തനത് തൊഴിലുകളായ ബുക്ക് ബൈൻ്റിങ്ങ്, പ്രിൻ്റിങ്ങ്, കരിങ്കൽ ശില്പ നിർമാണം, മൺപാത്ര നിർമാണം എന്നിവയുടെ പരിപോഷണത്തിനായി 5 ലക്ഷം ചെലവഴിക്കും. കവുങ്ങ് കർഷകരുടെ വിപണി മൂല്യം ഉറപ്പാക്കുന്നതിന് 4 ലക്ഷം രൂപയും വകയിരുത്തും.

തിരുത്തിക്കാട് ബണ്ട് പാട ശേഖരത്തിലെ കൃഷി പുന:രാരംഭിക്കുന്നതിന് പാടശേഖര സമിതികൾക്കായി 35 ലക്ഷം രൂപ വകയിരുത്തി. ഇതോടൊപ്പം പാടശേഖര ദ്രവ മാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃത സംസ്കരണ പ്ലാൻ്റുകളും നഗരസഭയിൽ അടിയന്തരമായി സ്ഥാപിക്കും. കുടുംബശ്രീ, പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ ചെറുകിട നെല്ല്കുത്തു കേന്ദ്രങ്ങളും സ്ഥാപിച്ച് തൊഴിൽ വരുമാന സാധ്യത കണ്ടെത്തും. കുന്നംകുളം തനത് ബ്രാൻ്റിൽ വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രം, ചകിരി നാര് അലങ്കാര വസ്തു നിർമാണം എന്നിവയും നടപ്പാക്കും. നഗരത്തിലും സമീപ പ്രദേശങ്ങളിലും സീസണൽ മാർക്കറ്റുകൾ ഏർപ്പെടുത്തും. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി ഗ്രീൻ പാർക്ക് അഗ്രോ നഴ്സറി ആരംഭിക്കുന്നതിന് 15 ലക്ഷം വകയിരുത്തി.

നല്ല വീട് നല്ല നഗരം ശുചിത്വ പദ്ധതിയ്ക്കായി 2.76 കോടി രൂപയാണ് വകയിരുത്തിയത് സമ്പൂർണ ശുചിത്വ വാർഡ് പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപ നീക്കിവെയ്ക്കും. ബയോ പാർക്കിനോടനുബന്ധിച്ച് സാങ്കേതിക വിദ്യകളോടെയുള്ള ഖരമാലിന്യ സംസ്കരണ പരിശീലന ഓപ്പൺ കോഴ്സുകൾ ആരംഭിക്കാൻ 50 ലക്ഷം രൂപ ചെലവിൽ ഗ്രീൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും.

പശ്ചാത്തല സൗകര്യ വികസനത്തിൽപ്പെടുത്തി അറവുശാല നിർമാണത്തിന് ഒരു കോടി രൂപ നീക്കിവെയ്ക്കും. ഗവ. താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക്, മൊബൈൽ ഫ്രീസർ എന്നിവ സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. ഹെൽത്ത് അനക്സ് ഒന്നാം നില പൂർത്തീകരണത്തിന് 15 ലക്ഷം വകയിരുത്തി.

നഗരസഭയോട് ചേർന്നുള്ള കുട്ടികളുടെ പാർക്ക് നവീകരിക്കാൻ 10 ലക്ഷം മാറ്റിവെയ്ക്കും. അങ്കണവാടി കെട്ടിടങ്ങൾ പണിയുന്നതിന് 20 ലക്ഷം വകയിരുത്തി. ക്വാറികളിൽ നിന്നുള്ള ജലം കുടിവെള്ളമാക്കി വിതരണം ചെയ്യുന്നതിന് കുടിവെള്ള സംഭരണ സംവിധാനങ്ങൾ നടപ്പാക്കാൻ 50 ലക്ഷം രൂപയാണ് വകയിരുത്തുക.

വയോജന സൗഹൃദ പരിപാടികൾക്ക് ഈ വർഷം 50 ലക്ഷം രൂപ മാറ്റിവെയ്ക്കും. നഗരസഭയിലെ സുഭിക്ഷ ഹോട്ടലിൻ്റെ മുന്നോട്ടു പോക്കിന് 10 ലക്ഷം രൂപ കൂടി നഗരസഭ വിഹിതമാക്കും. ഭിന്നശേഷിക്കാർക്ക് സുഗമ യാത്രയ്ക്കായി കാരുണ്യ പാത നിർമിക്കുന്നതിന് 10 ലക്ഷം വകയിരുത്തി. പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഈ വർഷം 3 കോടി രൂപ വകയിരുത്തി. വനിത ഹോസ്റ്റലിന് 15 ലക്ഷം, പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ആയോധന പരിശീലനത്തിന് 24 ലക്ഷം എന്നിവ മാറ്റിവെയ്ക്കും.

സമ്പൂർണ പാർപ്പിട സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിയ്ക്കായി 4 കോടി രൂപ വകയിരുത്തും. വ്യവസായ വളർച്ചയ്ക്ക് നഗരസഭയുടെ തനത് ഫണ്ടിൽ വാണിജ്യ- വ്യവസായ ഉച്ചക്കോടി സംഘടിപ്പിക്കും. പ്രവാസി ഹെൽപ്പ് ഡെസ്കും നഗരസഭയിൽ പ്രവർത്തനം തുടങ്ങും.

നഗരസഭയിൽ സൗരോർജ സംവിധാനം ഏർപ്പെടുത്താൻ 10 ലക്ഷം വിനിയോഗിക്കും. ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി. കാലാവസ്ഥ നിരീക്ഷണ സംവിധാനം നടപ്പിലാക്കാൻ 5 ലക്ഷം രൂപയും വകയിരുത്തി.

നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.