കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തും : 18.04 കോടിയുടെ പദ്ധതിക്ക് തുടക്കം

6
5 / 100

കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ
നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ബി ഡി ദേവസി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കൊരട്ടി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കാടുകുറ്റി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം നല്‍കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 18.04 കോടി രൂപ ചിലവിലാണ് ശുദ്ധജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. 42295 പേര്‍ക്ക് ഈ പദ്ധതിയൂടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ സ്ഥാപിത ശേഷി ദിനംപ്രതി ആറ് ദശലക്ഷം ലിറ്ററാണ്.

ചാലക്കുടി പുഴയില്‍ നിന്നും വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പിലാക്കുക. കൊരട്ടി പഞ്ചായത്തിലെ 3500 കുടുംബങ്ങള്‍ക്കും കാടുകുറ്റി പഞ്ചായത്തിലെ 500 കുടുംബങ്ങള്‍ക്കും ശുദ്ധജല കണക്ഷന്‍ കൊടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളില്‍ നിലവിലുള്ള കുടിവെള്ള പദ്ധതികളില്‍ നിന്ന് ജലജയുടെ പദ്ധതിയിലുള്‍പ്പെടുത്തി യഥാക്രമം 500,1533കണക്ഷനുകള്‍ നല്‍കുന്നതിന് 40 ലക്ഷം രൂപക്കും 205.51 ലക്ഷം രൂപക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ കെ ആര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.