മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാതല അവലോകന യോഗം: മന്ത്രിമാരുടെ സാനിധ്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു; കടലാക്രമണമേഖലകളിൽ അടിയന്തരമായി ജിയോബാഗുകൾ സ്ഥാപിക്കാൻ നിർദ്ദേശം

18

മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജില്ലയിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കാലത്തിനു മുന്നോടിയായി നടത്തേണ്ട ശുചീകരണം, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജനം, കൊതുകു നശീകരണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, കടല്‍ ആക്രമണ മേഖലകളിലെ പ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്രയും വേഗം വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കണെമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

കടല്‍ ആക്രമണമുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കും. നിലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജിയോ ബാഗുകള്‍ ജെ.സി.ബി ഉപയോഗിച്ച് പുന:സ്ഥാപിക്കും. പാതയോരങ്ങളിൽ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റും, നീര്‍ച്ചാലുകള്‍, കനാലുകള്‍ എന്നിവ ശുചീകരിക്കും. കടല്‍ ആക്രമണ മേഖലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍ഗേഹം പദ്ധതിയിലൂടെ വീടുകള്‍ ലഭ്യമാക്കും.

2018 ലെ പ്രളയത്തില്‍ ജില്ലയിലെ ചില പ്രദേശങ്ങള്‍ റെഡ് സ്‌പോട്ടുകളാക്കി നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അത്യാവശ്യഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും. പെരിങ്ങല്‍കുത്ത് അടക്കമുള്ള അണക്കെട്ടുകളില്‍ നിലിവിലുള്ള ജല നിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അനുദിനം പരിശോധിച്ചു വരുന്നു.
അപകടരകമായി താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകള്‍ എത്രയും വേഗം ഉയര്‍ത്തി സ്ഥാപിക്കും. ചിലയിടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് കൃഷിയെ ബാധിക്കും. ജനവാസ മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കൃഷി നാശം സംഭവിക്കുന്ന സ്ഥലങ്ങളില്‍ വെള്ളം കയറാതെ ബണ്ടുകളുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കും. നീര്‍ച്ചാലുകള്‍ നികത്തിയിട്ടുണ്ടെങ്കില്‍ അവ പരിശോധിച്ച് നീര്‍ച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കും. വകുപ്പുകളും ഉദ്യോഗസ്ഥരും ഇതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ പ്രത്യേക അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ച് മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക്തല നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.

വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വകുപ്പുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ്വ ശുചീകരണം അടിയന്തരമായി നടത്തി പകര്‍വ്യാധികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു യോഗത്തില്‍ ആവശ്യപ്പെട്ടു. വീടുകളുടെയും കൃഷിയിടങ്ങളുടെയും നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി ജില്ലാ ഭരണകൂടത്തെ അറിയക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അതത് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു.

എം.എല്‍.എമാരായ സി.സി മുകുന്ദന്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, എന്‍.കെ അക്ബര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, തൃശൂര്‍ മേയര്‍ എം. കെ വര്‍ഗ്ഗീസ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.