സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുടയിൽ: അഞ്ച് വർഷം കൊണ്ട് സർക്കാർ ഭാവി കേരളത്തെ കെട്ടിപ്പെടുത്തുവെന്ന് മന്ത്രി വി.എസ് സുനിൽകുമാർ

12
5 / 100

ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തി അഞ്ച് വർഷം കൊണ്ട് സർക്കാർ മികച്ചൊരു ഭാവി കേരളത്തെ കെട്ടിപ്പെടുത്തുവെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ. മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകളിലെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാമൂഹ്യക്ഷേമം പ്രധാനമാക്കി എല്ലാ മേഖലയിലും സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് ഇതു മൂലം ഏറെ നേട്ടങ്ങളുണ്ടായി. പരിഹരിക്കാൻ കഴിയാത്തവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചുവെന്നത് സർക്കാരിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കഴിഞ്ഞ രണ്ടു ദിവസത്തെ അദാലത്തുകളിൽ സാങ്കേതികത്വം മൂലം മുടങ്ങിക്കിടന്ന ഒട്ടേറെ പരാതികൾ പരിഹരിക്കാൻ സാധിച്ചു. ജനങ്ങളുടെ പ്രതിസന്ധികൾക്കൊപ്പം സർക്കാരും കൂടെ നിൽക്കുന്നുവെന്നതിനു തെളിവാണിത്. ആരോഗ്യ, കാർഷിക മേഖലയിൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് തീർപ്പു കല്പിക്കാനായി എന്നും മന്ത്രി വി എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.

പ്രൊഫ. കെ യു അരുണൻ എം എൽ എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായി.
എം എൽ എ മാരായ ബി ഡി ദേവസ്സി, അഡ്വ. വി ആർ സുനിൽ കുമാർ, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, അദാലത്ത് ജില്ലാ ചുമതല വഹിക്കുന്ന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി, ജില്ലാ കലക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവർ ആശംസാസന്ദേശം അറിയിച്ചു.

കൊടുങ്ങല്ലൂർ താലൂക്കിൽ കൃഷി വകുപ്പു മന്ത്രി വി എസ് സുനിൽകുമാർ, ചാലക്കുടി താലൂക്കിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ, മുകുന്ദപുരം താലൂക്കിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിങ്ങനെയാണ് പരാതികൾ പരിഹരിക്കുന്നത്.

കൊടുങ്ങല്ലൂർ താലൂക്ക് 624, മുകുന്ദപുരം താലൂക്ക് 773, ചാലക്കുടി താലൂക്ക് 990 എന്നിങ്ങനെയാണ് ഓൺലൈനിൽ വന്ന പരാതികളുടെ എണ്ണം. കൂടാതെ നേരിട്ടുള്ള പരാതികളും അദാലത്തിൽ സ്വീകരിച്ചു.

കലക്ടര്‍ നിയോഗിച്ച റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് പരാതികൾ പരിശോധിക്കുന്നത്.