സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞുവെന്ന് മന്ത്രി വി.എസ് സുനിൽകുമാർ; വില്ലടം ഗവ ഹയർസെക്കന്ററി സ്‌കൂൾ നാടിന് സമർപ്പിച്ചു

9
4 / 100

കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞുവെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ. കിഫ്ബിയുടെ മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വില്ലടം ഗവ. ഹയർസെക്കന്ററി സ്‌കൂൾ
ഹൈടെക് കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

സർക്കാർ
സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്ന കാലം കഴിഞ്ഞു. പകരം വിദ്യാർത്ഥികൾ സർക്കാർ സ്‌കൂളുകളിലേക്ക് കൂടുതലായി വന്നു ചേരുന്നതാണ് കാണാൻ കഴിയുന്നത്. നാടിൻ്റെ സർവ്വതലസ്പർശിയായ മാറ്റമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കാണാൻ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ കോർപ്പറേഷനിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ.
നൂറ്റാണ്ടുകൾ പിന്നിട്ട വില്ലടം ഗവ ഹയർ സെക്കൻ്ററി സ്കൂൾ പുതിയൊരു രൂപവും ഭാവവും ആർജ്ജിച്ചാണ് മികവിൻ്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ കൈറ്റിൻ്റെ നേതൃത്യത്തിൽ
ഹൈടെക് നിലവാരത്തോടെയുള്ള 17 ക്ലാസ്സ് മുറികൾ, മീറ്റിങ്ങ് ഹാൾ, ലാബുകൾ, ഓഫീസ് റൂം എന്നിവയടങ്ങിയതാണ് കെട്ടിട സമുച്ചയം.

കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഹെഡ്മാസ്റ്റർ ഡെന്നി ജോസഫ്, പ്രിൻസിപ്പൽ പി ജി ദയ, ഡിവിഷൻ കൗൺസിലർ ഐ സതീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് വി എ സുനിൽ കുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.