147.8 കോടിയുടെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്; ഇരിങ്ങാലക്കുട എഫ്.ടി.ഐ യിൽ ഷീലോഡ്ജിന് 10 കോടി, പാതയോരങ്ങളിൽ ടേക്ക് എ ബ്രേക്ക് സെൻറർ

10
10 / 100

ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ അവതരിപ്പിച്ചു. 147.8 കോടി രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കും വനിതാ ശാക്തീകരണത്തിനും വയോജനക്ഷേമത്തിനും ഈ ബഡ്ജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട നഗരത്തിലെ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കോമ്പൌണ്ടില്‍ കുടുംബശ്രീ ഷീ ലോഡ്ജ് നിർമ്മിക്കാൻ 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. രാമവർമപുരം
വിജ്ഞാന്‍സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് രണ്ടാംഘട്ട നിർമാണത്തിന് 6 കോടി രൂപയും അനുവദിച്ചു.

മാലിന്യ സംസ്കരണത്തിനായി ശുചി പൂര്‍ണ്ണ പദ്ധതി,
സുഭിക്ഷ കേരളം പദ്ധതി,
പഞ്ചായത്ത് തലത്തില്‍ സഹകരണ മേഖലയില്‍ കാര്‍ഷിക വിപണന കേന്ദ്രം,
ബ്ലോക്ക്തലത്തില്‍ ഇക്കോ ഷോപ്പുകള്‍,
ബ്ലോക്കടിസ്ഥാനത്തില്‍ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന വെറ്ററിനറി മൊബൈല്‍ ക്ലിനിക്
എന്നിവയ്ക്കും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും സോളാര്‍ സിസ്റ്റം,
മുഴുവന്‍ അങ്കണവാടികൾക്കും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി,
വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍,
പെണ്‍കുട്ടികള്‍ക്കായുള്ള ഫിറ്റ്നെസ് സെന്റര്‍,
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്വയംതൊഴില്‍ സംരംഭം എന്നിവയും ബജറ്റിൽ ഇടം നേടി.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ ടേക്ക് എ ബ്രേക്ക് സെന്റര്‍,
ആദിവാസി മേഖലകളില്‍ ആരോഗ്യ സംരക്ഷണത്തിനായി മൊബൈല്‍ ക്ലിനിക്,
ജില്ലാപഞ്ചായത്ത് അധീനതയിലുള്ള ഫാമുകളില്‍ ഗോവര്‍ദ്ധന്‍ പദ്ധതി, തേനീച്ച വളര്‍ത്തല്‍ പദ്ധതി,
കാര്‍ഷിക ഉപകരണങ്ങളുടെ മെയിന്റനന്‍സിന് പദ്ധതി,
സ്പോര്‍ട്സ് വികസനത്തിനായി ടര്‍ഫ് കോര്‍ട്ടുകള്‍,
തീരദേശ സംരക്ഷണത്തിനായി ജിയോ ബാഗ്,
നാടന്‍ കലകള്‍ക്കും ഗ്രാമീണ ജലോത്സവങ്ങൾക്കുള്ള ധനസഹായം,
വയോജനങ്ങള്‍ക്കായുള്ള സുശാന്തം പദ്ധതി പൂര്‍ത്തീകരണം എന്നിവക്കും 2021-22 വാർഷിക ബഡ്ജറ്റിൽ തുക അനുവദിച്ചു.

147896511 രൂപ വരവും, 145845100 രൂപ ചിലവും, 12445 511 രൂപ മിച്ചവുമുള്ള ബഡ്ജറ്റിനാണ് ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകിയത്. ബഡ്ജറ്റ് ചര്‍ച്ചയില്‍ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി എം അഹമ്മദ്, കെ എസ് ജയ, ലത ചന്ദ്രന്‍, എ വി വല്ലഭന്‍, വി എസ് പ്രിന്‍സ്, ജെനീഷ് പി ജോസ്, പി എസ് വിനയന്‍, അഡ്വ ജോസഫ് ടാജറ്റ്, അഡ്വ മുഹമ്മദ് ഗസ്സാലി, ലീല സുബ്രഹ്മണ്യന്‍,‍ സെക്രട്ടറി കെ ജി. തിലകന്‍ എന്നിവര്‍ പങ്കെടുത്തു.