പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപക്ഷാസമർപ്പണത്തിന് തുടക്കമായി: മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ 26 മുതൽ

12

പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപക്ഷാസമർപ്പണത്തിന് തുടക്കമായി. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ 26 മുതൽ നൽകാം.

കോവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ വർഷത്തേതുപോലെ ഇക്കുറിയും ഓൺലൈൻ പ്രവേശനമാണ് നടത്തുന്നത്. സമ്പൂർണ പോർട്ടലിലൂടെയാണ് (sampoorna.kite.kerala.gov.in) ഓൺലൈൻ പ്രവേശന നടപടികൾ. ഇതിനു പറ്റാത്തവർക്ക് ഫോണിൽ ബന്ധപ്പെട്ടും പ്രവേശനം നേടാം. ടി.സി.ക്കുള്ള അപേക്ഷകളും ഓൺലൈൻ വഴി നൽകാം.

ലോക്ഡൗൺ പിൻവലിച്ചശേഷം സ്കൂളിൽ രക്ഷിതാക്കൾക്ക് നേരിട്ടെത്തിയും പ്രവേശനം തേടാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് താത്‌കാലികപ്രവേശനം നൽകാം. ഇതരസംസ്ഥാനങ്ങൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുവരുന്ന കുട്ടികൾക്ക് ഇപ്രകാരം പ്രവേശനം നൽകാം.

സാധാരണ സ്കൂൾപ്രവേശനത്തിനുള്ള അപേക്ഷാഫോറത്തിലെ വിവരങ്ങൾതന്നെയാണ് രക്ഷിതാക്കൾ ഓൺലൈനിലും നൽകേണ്ടത്. ആധാർ നമ്പർ രേഖപ്പെടുത്തണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ ഇല്ല എന്നു രേഖപ്പെടുത്താം. അപേക്ഷിച്ചിട്ട് നമ്പർ ലഭിക്കാൻ കാത്തിരിക്കുന്നവരാണെങ്കിൽ എന്റോൾമെന്റ് ഐ.ഡി. നമ്പർ നൽകണം.