തളിക്കുളം ബഡ്സ് സ്‌കൂളിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം

10
4 / 100

കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനൊപ്പം വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തളിക്കുളം സാന്ത്വനം ബഡ്സ് സ്ക്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി 200 പച്ചക്കറി തൈകളാണ് വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗീതാഗോപി എംഎൽഎ നിർവഹിച്ചു.

സ്കൂൾ ടെറസിൽ ഗ്രോബാഗുകളിലായി പച്ചമുളക്, പയർ, വെണ്ട, തക്കാളി തുടങ്ങി 25 ൽ പരം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. താഴെനിന്ന് ഗ്രോബാഗുകളിൽ നട്ട തൈകൾ നനയ്ക്കുന്നതിനായി പൈപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നില്ലെങ്കിലും രക്ഷിതാക്കളാണ് പച്ചക്കറി കൃഷി പരിപാലനത്തിന് നേതൃത്വം നൽകുന്നത്.

തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിതയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, കൃഷി ഓഫീസർ ഗ്രേസി, പി ടി എ അംഗം ഷെമീന, വാർഡ് മെമ്പർ സൈനുദ്ദീൻ, പ്രധാനാധ്യാപിക റിയ എന്നിവർ പങ്കെടുത്തു.