പീച്ചി റിസർവോയറിൽ 3.54 ലക്ഷം തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

8
6 / 100

പീച്ചി റിസർവോയറിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപവും മത്സ്യബന്ധനോപാധികളുടെ വിതരണവും ബോധവൽക്കരണവും നടത്തി. ചീഫ് വിപ്പ് അഡ്വ കെ രാജൻ പീച്ചി റിസർവോയർ ഫിഷറീസ് സഹകരണസംഘം പ്രസിഡന്റ് കെ കെ ഷൂജന് മത്സ്യബന്ധനോപാധികൾ
നൽകി ഉദ്ഘാടനം ചെയ്തു. കേരള റിസർവോയർ ഡെവലപ്മെന്റിന്റെ 2020-21 സ്കീമിന്റെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപവും മത്സ്യബന്ധനോപാധികളുടെ വിതരണവും നടന്നത്. 3.1263 ഹെക്ടർ വിസ്തീർണ്ണമുള്ള പീച്ചി റിസർവോയറിൽ 3.54 ലക്ഷം തദ്ദേശീയ മത്സ്യ ഇനങ്ങളിൽപ്പെട്ട പച്ചിലവെട്ടി, കുയിൽ, കരിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

മനുഷ്യനിർമ്മിതമായ അണക്കെട്ടുകളും തടയണകളും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെയും പ്രജനനത്തെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ നാടിന്റെ തദ്ദേശ മത്സ്യങ്ങളുടെ സമ്പത്തിനെ പരിപോഷിപ്പിക്കാൻ വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ റിസർവോയറിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മത്സ്യതൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനവും പദ്ധതി ലക്ഷ്യമിടുന്നു.

മത്സ്യത്തൊഴിലാളികൾക്ക് 50 കിലോ വല, വെയിങ് മെഷീൻ, ബില്ലിംഗ് മെഷീൻ എന്നിവയും വിതരണം ചെയ്തു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി ടി ജയന്തി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സിമി റോസ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോമോൾ സി ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മത്സ്യ കർഷകർക്ക് ബോധവൽക്കരണ ക്ലാസും നടത്തി. പ്രിൻസിപ്പൽ സയൻന്റിസ്റ്റ് ഡോ എൻ എസ് ബഷീർ ക്ലാസിന് നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. പീച്ചി പള്ളിക്കുന്നിലെ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേഷ്, വാർഡ് കൗൺസിലർമാരായ സ്വപ്ന രാധാകൃഷ്ണൻ, ബാബു തോമസ്, പീച്ചി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എം എ അജേഷ്, ഉൾനാടൻ ഫിഷറീസ് ഓഫീസർ പി കെ ഷിബുകുമാർ തുടങ്ങിയവർ പങ്കെടുത്തു.