വൈഗ കാർഷിക മേള സമാപിച്ചു:16 കാർഷിക വിളകൾക്ക് തറവില പ്രഖ്യാപിച്ച ഒരേ ഒരു സംസ്ഥാനം കേരളമെന്ന് ഗവർണർ; മണ്ണിൽ പണിയെടുക്കുന്ന കർഷകനാണ് ആദരവ് നൽകേണ്ടതെന്നും ഗവർണർ

15
6 / 100

ജില്ലയിലെ അഞ്ചു വിവിധ വേദികളിലായി നടന്നു വന്നിരുന്ന വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ 2021 നു തിരശീല വീണു.
തൃശൂർ ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളന ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കൃഷി മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

16 കാർഷിക വിളകൾക്ക് തറവില നിശ്ചയിച്ച ഒരേ ഒരു സംസ്ഥാനം കേരളമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി നേരിട്ട് അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ കർഷകരെ പ്രാപ്തരാക്കാൻ ഇതിലൂടെ സാധ്യമായി. കൃഷി സംരക്ഷിക്കുന്നതിനും, തുടർച്ചയായി വൈഗ നടത്തുന്നതിനും കേരള സർക്കാർ പ്രയത്നത്തെ ഗവർണർ അഭിനന്ദിച്ചു. കാർഷിക വിളകളുടെ മൂല്യവർധനവിനോടൊപ്പം കർഷകരുടെ നൈപുണ്യവും കർമ്മശേഷി വികസനവും സാധ്യമക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ, സാങ്കേതികവിദ്യകൾ, കാർഷികോല്പന്നങ്ങളുടെ സംസ്കരണം – മൂല്യവർദ്ധനവ് എന്നിവയുടെ സാധ്യതകൾ കർഷകർക്കും സംരഭകർക്കും മനസ്സിലാക്കി കൊടുക്കുകയാണ് വൈഗയുടെ ലക്ഷ്യം. ഇതുവഴി കാർഷിക മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുന്നതിനും വൈഗാ സഹായിക്കുന്നു.

സമാപന സമ്മേളനത്തോടനുബന്ധിച്ച് 2020ലെ സംസ്ഥാന കർഷക അവാർഡുകളും, മാധ്യമ അവാർഡുകളും വിതരണം ചെയ്തു.
അഞ്ചു വർഷമായി വൈഗ നല്ലരീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നും മണ്ണിൽ പണിയെടുക്കുന്ന കർഷകന് ആയിരിക്കണം ഏറ്റവും വലിയ അവാർഡ് നൽകേണ്ടതെന്നും
അവാർഡ് വിതരണത്തിനിടെ കൃഷിമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഹോർട്ടി കോർപ്പ്
പുതുതായി പുറത്തിറക്കുന്ന കേരള ഹണിയുടെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു. കൂടാതെ
ആലപ്പുഴ കളർകോട് എഫ് ഐ ബിയുടെ നേതൃത്വത്തിലുള്ള
കമ്മ്യൂണിറ്റി റേഡിയോ കുട്ടനാട് എഫ് എം 90.0 യുടെ ഉദ്ഘാടനവും, വിദ്യാധരൻ മാസ്റ്റർ ഈണമിട്ട അവതരണ ഗാനവും വേദിയിലവതരിപ്പിച്ചു.
വിവിധ കർഷക ജേതാക്കളുടെ വിവരങ്ങളടങ്ങിയ ഹരിത ഗാഥ എന്ന പുസ്തകം കൃഷി വകുപ്പ് മന്ത്രി ചീഫ് വിപ്പ് അഡ്വ കെ രാജന് നൽകി പ്രകാശനം നിർവഹിച്ചു.
വിവിധ കാർഷിക സുരക്ഷാസേനകളുടെ വിവരങ്ങളടങ്ങിയ
പുസ്തകം കൃഷിമന്ത്രി പീരുമേട് എംഎൽഎ ബിജു മോൾക്ക് നൽകിയും പ്രകാശനം ചെയ്തു. കൂടാതെ ഹോർട്ടികോർപ്പിന്റെ പുതിയ വെബ്സൈറ്റ് സ്വിച്ചോൺ കർമവും വേദിയിൽ നിർവഹിച്ചു.

അഗ്രി ഹാക്കത്തോൺ മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, പ്രശസ്തിപത്രം,ഫലകം എന്നിവ വേദിയിൽ വിതരണം ചെയ്തു. സ്കൂൾ തല വിജയികളായ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000,15,000,10,000രൂപ വീതം ക്യാഷ് പ്രൈസ് നൽകി.

കോളേജ് തല വിജയികൾക്കും, ഓപ്പൺ വിഭാഗ വിജയികൾക്കും യഥാക്രമം 1ലക്ഷം,75,000,50,000 രൂപ വീതവും സമ്മാനത്തുകയായി നൽകി.
കർഷക വിഭാഗ വിജയികൾക്ക് 50,000 രൂപ വീതവും മന്ത്രി സമ്മാനിച്ചു.

എല്ലാ വർഷവും ചിങ്ങം 1 ന് നൽകി വരുന്നതാണ് കർഷക അവാർഡുകൾ. 2020 ലെ പ്രത്യേക കോവിഡ് സാഹചര്യത്തിൽ മാറ്റി വെച്ച അവാർഡ് വിതരണം മന്ത്രി വേദിയിൽ നിർവഹിച്ചു.
ഏറ്റവും പ്രധാനപ്പെട്ട കർഷക വാർഡായ മിത്രനികേതൻ പദ്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് മികച്ച സംഘകൃഷി അവാർഡ് ആലപ്പുഴ 24000 കായൽ പാടശേഖര സമിതിക്ക് നൽകി.5 ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവുമാണ് നൽകിയത്. സിബി കല്ലിങ്കൽ കർഷകോത്തമ അവാർഡ് കണ്ണൂരിലെ അനീഷ് പി ബി ക്കും,കേരകേസരി അവാർഡ് പാലക്കാട്‌ ജില്ലയിലെ ശിവഗനേഷിനുംസമ്മാനിച്ചു.2 ലക്ഷം രൂപ വീതമാണ് ക്യാഷ് പ്രൈസ് നൽകിയത്. കൂടാതെ യുവ കർഷക അവാർഡ് മലപ്പുറം ജില്ലയിലെ സൈഫുള്ളക്കും, ഹരിത മിത്ര അവാർഡ് പത്തനംതിട്ട ജില്ലയിലെ ജേക്കബ് ജോസഫിനും സമ്മാനിച്ചു.1 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. കൂടാതെ ഉദ്യാൻ ശ്രേഷ്ഠ,കർഷക ജ്യോതി,കർഷക തിലകം, ക്ഷോണി സംരക്ഷണ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഹൈ ടെക് ഫാർമർ, റെസിഡന്റ്‌സ് അസോസിയേഷൻ,കൂൺ കർഷക, മികച്ച തേനീച്ച കർഷക അവാർഡുകൾ തുടങ്ങിയവയും മന്ത്രി സമ്മാനിച്ചു.
മികച്ച മുനിസിപ്പൽ കോര്പറേഷനുള്ള അവാർഡ് ജില്ലയിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സ്വന്തമാക്കി.കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകമാണ് സമ്മാനാർഹർക്ക് നൽകിയത്.
വൈഗ 2020 മാധ്യമ പുരസ്‌കാരങ്ങളും വേദിയിൽ വിതരണം ചെയ്തു. അച്ചടി മാധ്യമത്തിനുള്ള ഒന്നാം സ്ഥാനം മാതൃഭൂമി, ദൃശ്യ മാധ്യമ അവാർഡ് എ സി വി, ശ്രവ്യ മാധ്യമ അവാർഡ് ക്ലബ്‌ എഫ് എം, മികച്ച ഫോട്ടോഗ്രാഫർ അവാർഡ് കേരളകൗമുദിയിലെ റാഫി എം ദേവസിയും നേടി.

ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ മുഖ്യപ്രഭാഷണം നടത്തി.
കൃഷി ഡയറക്ടർ ഡോക്ടർ കെ വാസുകി പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ പീരുമേട് എം എൽ എ ബിജിമോൾ ,വാർഡ് കൗൺസിലർ റെജി ജോയ്,അഡീഷണൽ കൃഷി ഡയറക്ടർ കെ രാധാകൃഷ്ണൻ, വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ശശിധര റാവു
കേരള സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ജിജു പി അലക്സ്‌ പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെഎസ്
വിവിധ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.