അടിപിടികേസിൽ പിടിച്ചെടുത്ത വാളിന്റെ പേരിൽ പ്രതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങൽ; കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സസ്പെൻഷൻ

0

ആലപ്പുഴയിൽ അടിപിടിക്കേസിൽ പിടിച്ചെടുത്ത വാൾ രേഖകളിൽപ്പെടുത്താതെ പ്രതിക്കു ജാമ്യം നൽകിയ കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുധിലാലിനെ സസ്പെൻഡ് ചെയ്തു. വാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുന്നതായി ആരോപിച്ച് പ്രതി വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഹരിപ്പാട് കുമാരപുരം സ്വദേശിയാണു പ്രതി. വിജിലൻസ് സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽനിന്നു വാൾ പിടിച്ചെടുത്തത്. ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലൻസിന്റെ ശുപാർശപ്രകാരമാണു സുധിലാലിനെ സസ്പെൻഡ് ചെയ്തത്. രണ്ടുമാസംമുമ്പ് നങ്ങ്യാർകുളങ്ങരയ്ക്കു സമീപം തമിഴ്‌നാട് സ്വദേശികളായ സഞ്ചാരികളുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കുമാരപുരം സ്വദേശിയിൽനിന്നു കരീലക്കുളങ്ങര പൊലീസ് വാൾ പിടിച്ചെടുത്തത്. രാജാക്കന്മാർ ഉപയോഗിച്ചിരുന്നതു പോലുള്ള വലിയവാളായിരുന്നു ഇത്. ഇതു കേസിൽ ഉൾപ്പെടുത്തി കോടതിയിൽ ഹാജരാക്കിയാൽ പ്രതിക്ക് ജാമ്യംകിട്ടാൻ സാധ്യത കുറവാണ്. അതിനാൽ, വാൾ ഉൾപ്പെടുത്താതെ പ്രതിക്കു സ്റ്റേഷൻജാമ്യം നൽകി വിടുകയായിരുന്നു. ഇതേ പ്രതിക്കെതിരേ മറ്റൊരു സംഭവത്തിൽ വധശ്രമത്തിനു കേസെടുത്തെങ്കിലും പിന്നീട്, വകുപ്പുകളിൽ ഇളവുവരുത്തി ജാമ്യത്തിൽവിട്ടു. രണ്ടുകേസിലും എസ്.എച്ച്.ഒ പണം വാങ്ങിയെന്നും പിന്നീട്, പൊലീസിന്റെ കൈയിലുള്ള വാളിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണെന്നുമാണു പ്രതി വിജിലൻസിനെ അറിയിച്ചത്. പണത്തിനുവേണ്ടി അധികാരദുർവിനിയോഗം നടത്തിയെന്ന കുറ്റമാണു വിജിലൻസ് സുധിലാലിനെതിരേ ചുമത്തിയിരിക്കുന്നത്. അന്വേഷണമികവിന് പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയ ഉദ്യോഗസ്ഥനാണ് ഇയാൾ.

Advertisement
Advertisement