ചെന്നിത്തലക്ക് പിന്നാലെ തിരുത്തി ഷാനിമോൾ ഉസ്മാനും: കെ. സുധാകരനോടും പാർട്ടി പ്രവർത്തകരോടും ക്ഷമചോദിച്ച് ഷാനിമോൾ

30
4 / 100

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിലപാട് തിരുത്തി. സുധാകരൻ എം.പിയോടും പാർട്ടി പ്രവർത്തകരോടും ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. കെ സുധാകരൻ നടത്തിയ പ്രസം​ഗവുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം വിവാദമായതിൽ വിഷമമുണ്ടെന്ന് ഷാനിമോൾ പറഞ്ഞു. രാവിലെ രമേശ് ചെന്നിത്തലയും മുൻ നിലപാട് തിരുത്തി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിനെതിരെ ആദ്യം ഷാനിമോൾ ഉസ്മാനും പിന്നാലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇരുവരെയും അതിരൂക്ഷമായി വിമർശിച്ച കെ.സുധാകരൻ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണെന്നും തുറന്നടിച്ചിരുന്നു. ഇരുവർക്കുമെതിരെ പരസ്യമായി വിമർശിച്ച സുധാകരൻ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെയും ഷാനിമോളുടെയും മലക്കം മറിച്ചിൽ.

ഷാനിമോൾ ഉസ്മാൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം.പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ വി.എസ്, ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. കെ. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.