രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് വി.ഡി.സതീശൻ: ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് സതീശൻ; സതീശനുമായി സഹകരിക്കുമെന്ന് ചെന്നിത്തല

12

കോൺഗ്രസ് തർക്കങ്ങളിൽ ഇടഞ്ഞ് നിൽക്കുന്ന ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരിൽ കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാവിലെ തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശൻ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. എല്ലാവരേയും കേട്ടും ഒരുമിച്ചു നിർത്തിയും മുന്നോട്ട് പോകാനാണ് ശ്രമമെന്ന് ചെന്നിത്തലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശൻ പറഞ്ഞു. അപമാനിച്ചതായി മുതി‍ർന്ന നേതാക്കൾക്ക് പരിഭവം ഉണ്ടെങ്കിൽ അതു പരിഹരിക്കാനാണ് താൻ എത്തിയത്. മുതിർന്ന നേതാക്കളെ അപമാനിക്കുന്നില്ല. അവരെ ഒപ്പം നി‍ർത്തും പാർട്ടിയുടെ നല്ല ഭാവിക്കായി കൂടുതൽ ചർച്ചകൾ നടത്തും. യു.ഡി.എഫിനെ കരുത്തുറ്റതാക്കാർ എല്ലാ നേതാക്കളുടെയും പിന്തുണ വേണം. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ കഴിയില്ല. പ്രശ്നങ്ങൾ ഉണ്ട്. സംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. തുടർച്ചയായുള്ള ചർച്ചകൾ അഭിപ്രായ സമന്വയത്തിൽ എത്തിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. സതീശനുമായി സഹകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ടും ചർച്ചകളുണ്ടാകും. ഉമ്മൻചാണ്ടിയും താനും ഉന്നയിച്ച പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയ്യാറായത് നല്ലതാണെന്നും കൂടുതൽ ച‍ർച്ചകൾ നടക്കട്ടേയെന്നും പറഞ്ഞ ചെന്നിത്തല നാളെ നടക്കുന്ന യുഡിഎഫ് യോ​ഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു.ചർച്ചകൾക്ക് സതീശൻ മുൻകൈയ്യെടുത്തത് നല്ല കാര്യമാണ്. ഉമ്മൻചാണ്ടിയും ഞാനും ചില കാര്യങ്ങൾ ഉന്നയിച്ചു അക്കാര്യം ച‍ർച്ച ചെയ്യാൻ സതീശൻ തയ്യാറായത് നല്ല കാര്യം. നാളെത്തെ യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കുമെന്ന് സതീശൻ പറഞ്ഞു.