ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസ് കയറ്റം നൽകാൻ നിർദേശം: പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ഇന്ന് തുടങ്ങും

14

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് ക്ലാസ്‌കയറ്റം നൽകണം.

അധ്യാപകർ ‘വർക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25നകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19ന് ആരംഭിക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താം. ലോക്ഡൗൺ പിൻവലിച്ചതിനുശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശനനടപടികൾ പൂർത്തിയാക്കണം.

വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകാൻ നിലവിൽ സമ്പൂർണ വഴിയുള്ള സംവിധാനം തുടരാം. വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് ഉടൻ പ്രസിദ്ധീകരിക്കും.

ഒരുവർഷക്കാലം വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ അവലോകനം നടത്താനും നിർദേശം. ഇതിനായി പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷൻ നൽകുന്ന കുട്ടികളെ ക്ലാസ് ടീച്ചർമാർ ഫോൺവഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും. ക്ലാസ് ടീച്ചർമാർ നൽകുന്ന റിപ്പോർട്ടുകൾ പ്രഥമാധ്യാപകർ അതത് വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകണം. വിദ്യാഭ്യാസ ഓഫീസർമാർ ക്രോഡീകരിച്ച റിപ്പോർട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.