മില്ലുടമകൾ ചതിച്ചു: കൊയ്തെടുത്ത നെല്ല് ചാക്കിൽ കിടന്ന് മുളച്ചു; ആത്മഹത്യാ മുനമ്പിൽ കർഷകർ

15

സിവിൽ സപ്ലൈസ് കരാർ നൽകിയ മില്ലുടമകൾ നെല്ല് സംഭരണം നിർത്തി കർഷകരെ ചതിച്ചു. ഇതോടെ നെല്ല് മുളച്ചു. ചാലാടി-പഴം കോൾ സഹകരണസംഘത്തിന് കീഴിലുള്ള പഴം കോൾ ഭാഗത്ത് 2000 ചാക്ക് നെല്ലാണ് കെട്ടിക്കിടക്കുന്നത്.

കൊയ്തെടുത്ത് ചാക്കിലാക്കി 10 ദിവസമായി നെല്ല് പാടത്ത് കിടക്കാൻ തുടങ്ങിയിട്ടെന്ന് കർഷകർ പറയുന്നു. നെല്ലിന്റെ തൂക്കക്കുറവും ഈർപ്പവും മുതൽ പല കാരണങ്ങൾ പറഞ്ഞാണ് നെല്ലെടുപ്പ് മില്ലുകാർ നിർത്തിയത്. ഇതിനിടെ കോൾപ്പാടത്ത് വെള്ളമുയർന്നതോടെ താഴെയുള്ള ചാക്കുകളിലെ നെല്ല് മുളച്ചു. പഴംകോൾ ഭാഗത്തേയ്ക്ക് വെള്ളം തുറന്നു വിട്ടതാണെന്നാരോപിച്ച് ഏതാനും കർഷകർ ബഹളംവെച്ചു. നനഞ്ഞ നെല്ല് കർഷകർ പാടവരമ്പിൽ ഉണക്കുകയാണ്. നെല്ലെടുപ്പ് തടസ്സപ്പെട്ടതോടെ സിവിൽ സപ്ലൈസിലെ പാഡി വിഭാഗം ഉദ്യോഗസ്ഥൻ രാഗേഷ്, അരിമ്പൂർ കൃഷി ഓഫീസർ ലക്ഷ്മി മോഹൻ എന്നിവർ സ്ഥലത്തെത്തി.

നെല്ലിന്റെ സാമ്പിളും സംഘം എടുത്തു. പാഡി വിഭാഗം പരിശോധന നടത്തി ഗുണനിലവാരം ബോധ്യപ്പെട്ട ശേഷം മില്ലുകാരെക്കൊണ്ട് നെല്ലെടുപ്പിക്കുമെന്ന് പാഡി വിഭാഗത്തിലെ രാഗേഷ് പറഞ്ഞു. വിഷുവിനുമുമ്പ് കൊയ്ത്ത് പൂർത്തീകരിക്കേണ്ടതായിരുന്നുവെന്നും പടവ് കമ്മിറ്റിയുടെ വീഴ്ചയാണ് നെല്ല് നശിക്കാൻ ഇടയാക്കിയതെന്നും ബി.ജെ.പി. അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. കൃഷ്ണകുമാർ, സന്തോഷ് എന്നിവർ ആരോപിച്ചു.