പത്രിക തള്ളൽ: ബി.ജെ.പി സ്ഥാനാർഥികളുടെ ഹർജി ഉച്ചക്ക് പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ഇന്ന് നൽകും, സ്ഥാനാർഥികളുടെ ആവശ്യത്തെ തള്ളാതെ സർക്കാർ

6

നാമനിർദേശപത്രിക തള്ളിയതിനെതിരേ തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ ബി.ജെ.പി.സ്ഥാനാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ തിങ്കളാഴ്ച 12ന് പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം അറിയിക്കാൻ നിർദേശിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി മാറ്റിയത്.

സാങ്കേതിക പിഴവിന്റെപേരിൽ പത്രിക തള്ളിയതിനെയാണ് തലശ്ശേരിയിലെ ബി.ജെ.പി.സ്ഥാനാർഥി എൻ. ഹരിദാസും ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്യുന്നത്. ഞായറാഴ്ച അടിയന്തര സിറ്റിങ് നടത്തി കോടതി ഇരു ഹർജികളും കേട്ടു.

റിട്ടേണിങ് ഓഫീസർ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാൽ ന്യായരഹിതമായി പത്രിക തള്ളുകയായിരുന്നുവെന്ന് ഇരുവർക്കുംവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. തിങ്കളാഴ്ച മൂന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. കോടതിയുടെ തീരുമാനം അതിനുമുമ്പ്‌ ഉണ്ടായേക്കും.

തലശ്ശേരിയിലെ പത്രികയോടൊപ്പം നൽകിയ ഫോറം എ-യിൽ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരിൽ നൽകിയ ഫോറത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകൾ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കൽ പിഴവ് മാത്രമായിരുന്നു ഇതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ പിഴവുകൾ റിട്ടേണിങ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും വാദിച്ചു. സ്ഥാനാർഥികളുടെ ഹർജിയെ ശക്തമായി എതിർക്കാത്ത നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.