100 വർഷം മുമ്പുള്ള വിവാഹച്ചട്ടം തുണയായി: ഹൈക്കോടതി കുറിച്ച മുഹൂർത്തത്തിൽ ഡെന്നീസും ബെഫിയും ഒന്നായി

65

100 വർഷം മുമ്പുള്ള വിവാഹച്ചട്ടത്തിൽ ഹൈക്കോടതി മുഹൂർത്തം കുറിച്ചപ്പോൾ ലോക്ക് ഡൗൺ തടസങ്ങൾ നീങ്ങി ഡെന്നീസും ബെഫിയും ഒരുമിച്ചു. നിയമങ്ങളും ചട്ടങ്ങളും മനുഷ്യനുവേണ്ടിയാണെന്ന വിശാല കാഴ്ചപ്പാടു സ്വീകരിച്ച കോടതിയാവട്ടെ അവസാനനിമിഷംവരെ തുണയായിനിന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ ക്രിസ്ത്യാനികൾക്കുമാത്രം ബാധകമായതാണ് 1920ലെ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട്.

കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വെള്ളിയാഴ്ച 12.30-ന് കോടതി ‘മുഹൂർത്തം’ കുറിച്ച വിവാഹം. വരൻ പൂഞ്ഞാറിൽ പൂർവബന്ധമുള്ള അമേരിക്കൻ സ്വദേശിയും ആമസോൺ കമ്പനി ഉദ്യോഗസ്ഥനുമായ ഡെന്നീസ് ജോസഫ്. വധു ദന്തഡോക്ടറായ മാടക്കത്തറയിലെ ബെഫി ജീസൺ.

മൂന്ന് മേയ് മാസങ്ങളുടെ കണക്കിൽവേണം ഡെന്നീസ്-ബെഫി വിവാഹക്കഥ പൂർത്തിയാക്കാൻ. വിവാഹം ഇരുവീട്ടുകാരും ആദ്യം ഉറപ്പിച്ചത് 2019 മേയ് 19ന്. അടുത്ത മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു തീരുമാനം. അതുപ്രകാരം ഡെന്നീസ് കേരളത്തിലെത്തിയെങ്കിലും ലോക്ഡൗൺ കാരണം വിവാഹം നടന്നില്ല. അതോടെ 2021 മേയ് അഞ്ചിന് പുതിയ തീയതി കുറിച്ച് പിരിഞ്ഞു. ഇത്തവണ മേയ് ആദ്യംതന്നെ ഡെന്നീസ് എത്തിയെങ്കിലും വീണ്ടും ലോക്ഡൗൺ ചതിച്ചു.

തുടർന്ന് രജിസ്റ്റർവിവാഹത്തിനായി അപേക്ഷ നൽകിയെങ്കിലും ഒരുമാസംമുമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ നോട്ടീസ് നൽകണമെന്ന നിയമം വിലങ്ങുതടിയായി. മടക്കയാത്രയ്ക്ക് ഒരുമാസമില്ല. ഡെന്നീസ് ജൂൺ അഞ്ചിന് പുലർച്ചെ അഞ്ചരയ്ക്കുള്ള വിമാനത്തിൽ മടക്കടിക്കറ്റ് ബുക്കുചെയ്തിരുന്നു. ഇതിനിടെയാണ് പ്രത്യേക വിവാഹച്ചട്ടത്തെക്കുറിച്ച് അറിഞ്ഞത്.

ദമ്പതിമാരിലൊരാൾ തൃശ്ശൂർ, എറണാകുളം ജില്ലകളിലുള്ള ക്രിസ്ത്യാനിയാണെങ്കിൽ ഈനിയമപ്രകാരം രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയാൽ അഞ്ചാം പ്രവൃത്തിദിനം വിവാഹം രജിസ്റ്റർചെയ്യാം. രജിസ്ട്രാർ ക്രിസ്ത്യാനിയാവണം. കുട്ടനല്ലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകാനെത്തിയെങ്കിലും ട്രിപ്പിൾ ലോക്ഡൗൺ ആയിരുന്നതിനാൽ തുറന്നിരുന്നില്ല. തുടർന്ന് മേയ് 25-ന് ആർ.ഡി.ഒ.യ്ക്ക് ഓൺലൈനിലൂടെ അപേക്ഷ നൽകി. പിന്നാലെ ഹൈക്കോടതിയെയും സമീപിച്ചു.

തടസ്സം പിന്നെയുമുണ്ടായി. ഈ വിവാഹച്ചട്ടപ്രകാരം ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കില്ല. നേരിട്ട് അപേക്ഷ നൽകിയശേഷം സമീപിക്കാൻ കോടതി ഉത്തരവിട്ടു. മേയ് 31-ന് ആർ.ഡി.ഒ.യുടെ ഓഫീസിൽ അപേക്ഷ നൽകി. സബ് രജിസ്ട്രാർ ഓഫീസിലും അപേക്ഷ നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ജൂൺ ഒന്നിനാണ് സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകാനായത്. അതിനാൽ ജൂൺ ഏഴിനേ വിവാഹം നടത്താനാകൂ.

ഇക്കാര്യം കാണിച്ച് നൽകിയ ഹർജിയിലാണ് വെള്ളിയാഴ്ച പത്തരയ്ക്ക് രേഖകളെല്ലാം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിക്കാനും അന്നുതന്നെ വിവാഹം നടത്തി സർട്ടിഫിക്കറ്റ് നൽകാനും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടത്. വധുവിന്റെ അമ്മ മേഴ്‌സിയും വരന്റെ കൂട്ടുകാരൻ കോതമംഗലത്തെ ഡോ. അഗസ്റ്റിനും സാക്ഷികളായി. കേസ് നടത്തിയ അഭിഭാഷകരായ ജിപ്‌സൺ ആന്റണിയും ഫ്രാങ്ക്‌ളിൻ അറയ്ക്കലും ഒപ്പമുണ്ടായിരുന്നു.