കൊടകര കുഴൽപ്പണക്കേസ്: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ബി.ജെ.പി: സി.പി.എമ്മിനെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പിക്കെതിരെ കുപ്രചാരവേല നടത്തുകയാണെന്ന് കെ.സുരേന്ദ്രൻ, കുഴൽപ്പണം ബി.ജെ.പിയുടേതാണെന്ന് വരുത്താൻ ആസൂത്രിത ശ്രമമെന്നും സുരേന്ദ്രൻ

10

കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ മാധ്യമങ്ങൾ നുണപ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുഴൽപ്പണം ബി.ജെ.പിയുടേതാണെന്ന് ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അകാരണമായാണ്. കേസിനെ രാഷ്ട്രീയമായി നേരിടാനോ നിസഹകരിക്കാനോ ശ്രമിച്ചിട്ടില്ല. കള്ളപ്പണം ബി.ജെ.പിക്ക് വേണ്ടി വന്നതല്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് കേരള പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നത്. സി.പി.എമ്മിനെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പിക്കെതിരെ കുപ്രചാരവേല നടത്തുകയാണ്. പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് പകരം ശൂന്യതയിൽ നിന്ന് കഥയുണ്ടാക്കുകയാണ് പോലീസ്. ബാക്കി തുക കണ്ടെത്താൻ പോലീസിന് കഴിയാത്തത് എന്തുകൊണ്ടാണ് എന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ചെലവഴിച്ചത്. സി.പി.എമ്മിന്റെ പി.ആർ വർക്കിന് വേണ്ടിമാത്രം 200 കോടിയിലധികം ചെലവഴിച്ചു. ഈ പണമൊക്കെ എവിടുന്നാണ് പാർട്ടിക്ക് കിട്ടിയത്. പല മാധ്യമസ്ഥാപനങ്ങൾക്കും സർക്കാർ പണം നൽകി. അതിനെല്ലാം തെളിവുകളുണ്ട്. ഇപ്പോൾ നടക്കുന്നതെല്ലാം ബി.ജെ.പിയെ തകർക്കാനുള്ള കള്ളപ്രചാരണമാണ്. ഇതിനെ ശക്തമായി നേരിടും’. സത്യസന്ധമായ അന്വേഷണമാണെങ്കിൽ ഏതറ്റം വരെയും സഹകരിക്കും. ഒന്നും മറച്ചുവക്കാനില്ലാത്തത് കൊണ്ടാണ് ബി.ജെ.പി നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കാത്തതും നെഞ്ചുവേദന അഭിനയിക്കാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു. സി.കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണങ്ങളാണെന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുവരെയും അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും പോലീസ് രണ്ടരമാസമായി എന്താണ് കണ്ടെത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇപ്പോൾ നടക്കുന്ന നീക്കം മുഴുവൻ ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണ്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാൻ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വർണക്കടത്തും ഡോളർക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’. നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലായി ആയിരം കോടിയുടെ കുഴൽപണം പിടിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ സി.പി.എമ്മിന് നൽകിയത് 25 കോടി രൂപയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.