ഡോ. അഭിലാഷ് പിള്ള സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ

7

കാലിക്കറ്റ് സർവ്വകലാശാലയുടെ നാടക പഠന വിഭാഗമായ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് ഡയറക്ടറായി ഡോ. അഭിലാഷ് പിള്ളയെ നിയമിച്ചു. ഏറെക്കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു തസ്തിക.  പ്രഫ. ജി. ശങ്കരപ്പിള്ള, പ്രഫ. വയലാവാസുദേവൻപിള്ള, പ്രഫ.മൊകേരി രാമചന്ദ്രൻ, പ്രഫ. കുമാരവർമ്മ എന്നിവരാണ് മുമ്പ് ഡയറക്ടർമാരായിരുന്നത്. 25 വർഷത്തിലേറെയായി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഫാക്കൽറ്റിയും ഡീനുമായി പ്രവർത്തിക്കുകയാണ് അഭിലാഷ് പിള്ല. ഡെപ്യൂട്ടേഷനിലാണ് സ്കൂൾ ഓഫ് ഡ്രാമയിൽ നിയമിതനായത്. ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത  അഭിലാഷ് പിള്ള ലണ്ടനിലെ റോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക്ക് ആട്സിൽ നിന്നും തിയേറ്റർ പ്രൊഡക്ഷനിലും മാനേജ്മെന്റിലും ഉന്നത പരിശീലനം നേടി. ഡൽഹി ഭാരത് മഹോത്സവ്, തൃശൂരിലെ ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ എന്നിവയിൽ ഡയറക്ടറായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. യു.കെയിലെ ഓറഞ്ച് തീയേറ്റർ കമ്പനിയിൽ നിരവധി അന്തർദേശീയ സംവിധായകരോടൊപ്പം പ്രവർത്തിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, സംസ്കൃതി അവാർഡ്, വയലാ കനൽ സാംസ്കാരികവേദി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സോങ് ആൻഡ് ഡാമ ഡിവിഷനിൽ മുൻ ഡയറക്ടറായിരുന്ന എസ്.ആർ.കെ പിള്ളയുടെ മകനാണ് തിരുവനന്തപുരം സ്വദേശിയായ ഡോ.അഭിലാഷ് പിള്ള. അഭിനേത്രിയും തീയറ്റർ പരിശീലകയുമായ ജിൽമിൽ ഹസാരികയാണ് ഭാര്യ.

Advertisement
Advertisement