മംഗലാപുരം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം

9

മംഗലാപുരം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചുവെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ബേപ്പൂരില്‍നിന്ന് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. റബ്ബ എന്നാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പേര്. അതേസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പതിനാല് പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മത്സ്യതൊഴിലാളികളാണ് വയര്‍ലെസ് വഴി വിവരങ്ങള്‍ കൈമാറിയത്. കപ്പലിടിച്ച് ബോട്ട് പൂര്‍ണമായും തകര്‍ന്നു എന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തെത്തിയിട്ടില്ല. മംഗളൂരു തീരസംരക്ഷണ സേനയുടേയും തീരദേശ പൊലീസിന്റേയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കുള്ള പരിശോധന. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂര്‍ മാമന്‍റകത്ത് ജാഫറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ തകര്‍ന്ന ബോട്ട്.