മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ: നിരീക്ഷിക്കുന്നത് പ്രത്യേക മെഡിക്കൽ സംഘം

11

കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രത്യേക മെഡിക്കൽ സംഘം. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധസംഘമാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ ഔദ്യോഗിക വാഹനത്തില്‍ലാണ് പിണറായിയില്‍ നിന്ന് മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തിയത്. ഡ്രൈവര്‍ക്ക് പുറമെ മുഖ്യമന്ത്രിയുടെ ഭാര്യ, ചെറുമകന്‍, ഗണ്‍മാന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. കോവിഡ് നിരീക്ഷണ വാര്‍ഡിലെ പ്രത്യേക മുറിയിലാണ് മുഖ്യമന്ത്രിയ്ക്കുള്ള പരിചരണം. ചികില്‍സയ്ക്കായി സൂപ്രണ്ട് എം.പി ശ്രീജയന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദിവസേന മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിതി വിലയിരുത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കും മരുമകന്‍ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. തുടര്‍ന്നാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഭാര്യ കമലാ വിജയന്‍റെ പരിശോധനാഫലം നെഗറ്റീവാണ്.