യു.ജി.സിയുടെ നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് എ പ്ലസ്

6

യു.ജി.സിയുടെ നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് എ പ്ലസ്. 3.45 പോയിന്റോടെയാണ് നേട്ടം. കഴിഞ്ഞ തവണ 3.13 പോയിന്റുമായി എ. ഗ്രേഡ് ആയിരുന്നു. കേരളത്തില്‍ നാലാമത്തെ തവണ നാക് അക്രഡിറ്റേഷന്‍ പ്രക്രിയക്ക് വിധേയമാകുന്ന ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. സെപ്റ്റംബര്‍ 15, 16, 17 തീയതികളിലായി നാക് പിയര്‍ ടീം അംഗങ്ങള്‍ സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ചിരുന്നു. ഔറംഗാബാദ് എം.ജി.എം. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും മാധ്യമപഠന വിദഗ്ധനുമായ ഡോ. സുധീര്‍ ഗവാനേ അധ്യക്ഷനായ ആറംഗ സമിതി കാലിക്കറ്റിന്റെ വിഭവശേഷിയെയും അടിസ്ഥാന സൗകര്യങ്ങളെയും അകമഴിഞ്ഞ് അഭിനന്ദനമറിയിച്ച് മടങ്ങിയതിന്റെ നാലാം നാളാണ് ഗ്രേഡ് പ്രഖ്യാപനം. മലബാറിന്റെ അക്കാദമിക കുതിപ്പിന് നട്ടെല്ലാകുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് മികച്ച ഗ്രേഡ് ലഭിച്ചത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഫിലിയേറ്റഡ് കോളേജുകള്‍ക്കും ഗുണം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. നേട്ടത്തിന് പിന്നില്‍ പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു. 2002-ലാണ് കാലിക്കറ്റ് ആദ്യ നാക് ഗ്രേഡിങ്ങിന് വിധേയമായത്. അന്ന് ത്രീസ്റ്റാര്‍ പദവിയാണ് നേടിയത്. 2010-ല്‍ 2.94 പോയന്റോടെ B ഗ്രേഡ് ആയും 2016-ല്‍ 3.13 പോയന്റോടെ A ഗ്രേഡ് ആയും ഉയര്‍ന്നു. 2022 ലെ നാലാമതു സൈക്കിള്‍ അക്രഡിറ്റേഷനില്‍ മികച്ച സ്‌കോര്‍ ആയ 3.45 പോയന്റ് നേടി കാലിക്കറ്റ് A+ നേടി രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ. ജയരാജിന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങളും അധ്യാപകരും അനധ്യാപകരും, ഗവേഷകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചിറങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്. സര്‍വകലാശാലയുടെ മികച്ച മാതൃകയായി അവതരിപ്പിച്ച കമ്യൂണിറ്റി ഡിസെബിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സി.ഡി.എം.ആര്‍.പി.), കായിക പദ്ധതിയായ ലാഡര്‍ എന്നിവക്ക് ഏറ്റവും മികച്ച സ്‌കോര്‍ ലഭിച്ചു. കാമ്പസ് റേഡിയോ, ഡിജിറ്റല്‍ ഫീഡ്ബാക്ക്, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം, സ്‌പോര്‍ട്‌സ്, എന്‍.എസ്.എസ്. രംഗത്തെ നേട്ടങ്ങള്‍, ജൈവവൈവിധ്യം, തുടങ്ങിയവയെല്ലാം അഭിനന്ദനാര്‍ഹമായി. ഗവേഷണമികവിനായി നടപടി തുടങ്ങി- ഡോ. എം.കെ. ജയരാജ് ഗവേഷണത്തിലും നൂതനാശയ സംരംഭങ്ങളിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നാക് പരിശോധക സമിതി നിര്‍ദേശം നടപ്പാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. സ്ഥിരം അധ്യാപകരുടെ അഭാവമാണ് കഴിഞ്ഞ പരിശോധനാ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയത്. 80 ശതമാനത്തിലധികം ഒഴിവുകള്‍ നികത്താനായത് കഴിഞ്ഞ ജനുവരിയിലാണ്. വൈകാതെ ഗവേഷണ മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകും. അടുത്ത മൂന്നുവര്‍ഷത്തിനകം വിദേശ വിദ്യാര്‍ഥികളുടെ എണ്ണം മുന്നൂറിലേക്കെത്തിക്കും. കിഫ്ബി വഴി 200 കോടി രൂപയുടെ ധനസഹായമാണ് സര്‍വകലാശാലക്ക് ലഭിക്കാനിരിക്കുന്നത്. ഇതില്‍ 100 കോടി രൂപ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ സംവിധാനത്തിനാണ്. സ്റ്റാര്‍ട്ട് മിഷനുമായി സഹകരിച്ചുള്ളഫാബ് ലാബിന് 20 കോടി ലഭിക്കും. ഇതോടെ ഗവേഷണ മേഖല കരുത്താര്‍ജിക്കുമെന്നും അടുത്ത നാക് പരിശോധയില്‍ എ ഡബിള്‍ പ്ലസ് നേടാനാകുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലർത്തി ഈ ഉയർച്ചക്ക് വഴിവെച്ച സര്‍വ്വകലാശാലാ കാമ്പസ് സമൂഹത്തെ, പഠനവകുപ്പുകളെ, വിദ്യാർത്ഥികളെ, അധ്യാപക-അനധ്യാപക സുഹൃത്തുക്കളെ, വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെയും സിണ്ടിക്കേറ്റ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള സർവ്വകലാശാലാ സാരഥികളെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നതായി ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സമൂഹമാധ്യമത്തിൽ കുറിച്ചു. മലബാറിന്റെ വിദ്യാഭ്യാസവളർച്ചാ സ്വപ്നങ്ങളെ ഇനിയും ഉയരെയുയരെയുള്ള ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അടിയുറച്ച പരിശ്രമങ്ങൾ ഒരുമിച്ചു തുടരാമെന്നും തോളോടുതോൾ നിന്ന് സർക്കാർ കൂടെയുണ്ടെന്നും മന്ത്രി അഭിനന്ദനത്തിൽ പങ്കുവെച്ചു.

Advertisement

 

Advertisement