സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു

6

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. നൂറാസ് (12), വൈഗ (12), സാജുദീന്‍ (44) എന്നിവര്‍ക്കാണ് കടിയേറ്റത്. കുട്ടികളെ തെരുവുനായ്ക്കളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താജുദീന് കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസുകാരന്‍ ജയസൂര്യയ്ക്കും നായയുടെ കടിയേറ്റു.

Advertisement

കണ്ണൂര്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനെ തെരുവുനായ ആക്രമിച്ചു. അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അട്ടപ്പാടി സ്വര്‍ണപ്പെരുവൂരിലെ മൂന്നര വയസുകാരന്‍ ആകാശിന് മുഖത്ത് കടിയേറ്റു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, കൊല്ലം ശാസ്താംകോട്ടയില്‍ കഴിഞ്ഞ ദിവസം സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. വളര്‍ത്തു മൃഗങ്ങളെയും മറ്റ് തെരുവുനായ്ക്കളെയും ഈ നായ കടിച്ചുവെന്ന സംശയമുണ്ട്.

Advertisement