നിർമിത ബുദ്ധിയിൽ ആദ്യ മലയാളം പ്രസിദ്ധീകരണവുമായി ‘മാധ്യമം ആഴ്ച പതിപ്പ്’

45

നിർമിത ബുദ്ധിയെക്കുറിച്ച (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാധ്യമം ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പ് തിങ്കളാഴ്ച വിപണിയിലെത്തും. നിർമിതബുദ്ധി ഉപയോഗിച്ച് തയാറാക്കിയതാണ് പതിപ്പ്. മലയാളത്തിൽ ആദ്യമായാണ് ഒരു പ്രസിദ്ധീകരണം ‘നിർമിത ബുദ്ധി’യെ ടൂളാക്കി തങ്ങളുടെ ഒരു പതിപ്പ് തയാറാക്കുന്നത്.പ്രത്യേക പതിപ്പിന്റെ മുഖചിത്രം, കത്തുകൾ, ‘തുടക്കം’ (എഡിറ്റോറിയൽ), അകപ്പേജുകളിലെ ചിത്രങ്ങൾ, കവിത, കഥ, ചാറ്റ് ജി.പി.ടി ലേഖനം എന്നിങ്ങനെ പതിപ്പിന്റെ വലിയൊരു ഭാഗവും ‘നിർമിത ബുദ്ധി’ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്. ‘മാധ്യമ’ത്തിലെ എഡിറ്റോറിയൽ വിഭാഗം സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെയാണ് നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയത്. മലയാള പ്രസിദ്ധീകരണ രംഗത്ത് ഇത് ചരിത്രവും വേറിട്ട പരീക്ഷണവുമാണ്. ‘നിർമിത ബുദ്ധി’യെ ആഴ്ചപ്പതിപ്പ് ഗൗരവപൂർവംതന്നെ പരിശോധിക്കുന്നുണ്ട്. മനുഷ്യനെയും മനുഷ്യഭാവനയെയും മറികടക്കാൻ ‘നിർമിത ബുദ്ധി’ക്ക് കഴിയും എന്ന അവകാശവാദങ്ങളെ വിമർശനാത്മകമായും പരീക്ഷണാത്മകമായും പരിശോധിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടി രചിച്ച കവിതകളും കഥയും അനുബന്ധമായി ചേർത്തിട്ടുണ്ട്. സാങ്കേതിക വിദ്യയെക്കുറിച്ച് അധികം പരിചയമില്ലാത്തവർക്കുപോലും എന്താണ് നിർമിത ബുദ്ധി എന്ന് മനസ്സിലാക്കി നൽകലും പതിപ്പിന്റെ ദൗത്യമാണ്. എതിരൻ കതിരവൻ ഉൾപ്പെടെയുള്ളവർ എഴുതുന്നു. നിർമിത ബുദ്ധിക്ക് മനുഷ്യഭാവനയെയും ചിന്തയെയും മറികടക്കാനാവുമോ എന്നതിന്റെ ആഴത്തിലുള്ള വിശകലനവും പതിപ്പിലുണ്ടെന്ന് അധികൃതർ പറയുന്നു.

Advertisement
Advertisement