തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന് പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദ്

5

തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന് നാദാപുരം തൂണേരിയിലെ പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദ്. ഖത്തറിലെ ബിസിനസ് പങ്കാളികളാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായും താൻ ഒരാൾക്കും പണം കൊടുക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സംഘത്തിലുണ്ടായിരുന്നവർ മുഖംമൂടി ധരിച്ചതിനാൽ ആരാണെന്ന് തിരിച്ചറിയാനായില്ല. തടവിൽ പാർപ്പിച്ച സ്ഥലത്തുനിന്ന് കുറേ ദൂരം വാഹനത്തിൽ സഞ്ചരിച്ച ശേഷമാണ് രാമനാട്ടുകരയിൽ ഉപേക്ഷിച്ചത്. ബോസ് വിടാൻ പറഞ്ഞെന്നും അതിനാൽ വിട്ടയക്കുകയാണെന്നും പറഞ്ഞു. അഞ്ഞൂറ് രൂപയും കൈയിൽ തന്നു’- അഹമ്മദ് വിശദീകരിച്ചു.

ശനിയാഴ്ച പ്രഭാത നമസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനിടെയാണ് അഹമ്മദിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലെത്തിയ സംഘം അഹമ്മദിന്റെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി കാറിനകത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നാലെ കൈകാലുകൾ കെട്ടിയിടുകയും കണ്ണ് കെട്ടുകയും ചെയ്തു. ഇതിനുശേഷം നടന്നകാര്യങ്ങൾ വലിയ ഓർമയില്ലെന്നാണ് അഹമ്മദ് പറയുന്നത്. പിന്നീട് ഒരിടത്ത് ഒരു മുറിയിലിട്ട് അടച്ചിട്ടു. ഭക്ഷണം നൽകിയ സംഘം ഇടയ്ക്ക് അവർ പറയുന്ന രീതിയിൽ ചിലർക്ക് സന്ദേശങ്ങൾ അയക്കാൻ ആവശ്യപ്പെട്ടതായും അഹമ്മദ് പറഞ്ഞു.