വിശ്വനാഥന്റെ മരണത്തില്‍ പോലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കുടുംബം; അന്വേഷണം ക്രൈംബ്രഞ്ചിനെ ഏല്‍പ്പിക്കണമെന്ന് മന്ത്രിക്ക് പരാതി

5

വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കുടുംബം. അന്വേഷണം ക്രൈംബ്രഞ്ചിനെ ഏല്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് നിവേദനം നല്‍കി. വിശ്വനാഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാന്‍ വിശ്വനാഥന്റെ വീട്ടില്‍ എത്തിയതായിരുന്നു മന്ത്രി.
അന്വേഷണത്തിന് ആമയുടെ വേഗം ആണ് ഉള്ളതെന്നും സിസിടിവി ദൃശ്യങ്ങളുടെ പേരു പറഞ്ഞ് കേരളം ചുറ്റല്‍ അല്ലാതെ കുടുംബം നല്‍കിയ പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്നും കുടുംബം പറഞ്ഞു. വിശ്വനാഥന് മരിച്ച് 28 ദിവസം ആയിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പോലീസിന് കിട്ടിയിട്ടില്ല. അന്വേഷണം ഈ നിലയ്ക്കാണ് പോകുന്നത് എങ്കില്‍ റി പോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും കുടുംബം പറയുന്നു.
വിശ്വനാഥന്‍ പണവും ഫോണും മോഷ്ടിച്ചു എന്ന് പറഞ്ഞു കൊണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറി എന്ന് വിശ്വനാഥനെ കാണാതായി എന്ന് അറിഞ്ഞ ഉടന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശമായ പ്രതികരണമാണ് പോലീസില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് വിശ്വനാഥന്റെ സഹോദരന്‍ വിനോദ് പറഞ്ഞു.

Advertisement
Advertisement