ഇടത് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സീ ഫോർ, ട്വന്റിഫോർ സർവേകൾ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് തന്നെ പിന്തുണ, ജനപ്രീതിയിൽ ഉമ്മൻ‌ചാണ്ടി, ഏഴയലത്ത് എത്താതെ ചെന്നിത്തല; സർവേ റിപ്പോർട്ട് വലതുപക്ഷത്തിന് വേണ്ടിയെന്നും അവഗണിക്കാനും ഇടത് നേതൃത്വത്തിന്റെ നിർദേശം

25

ഇടത് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് ചാനൽ സർവ്വേകൾ. ഏഷ്യാനെറ്റ് സീ ഫോർ, ട്വന്റിഫോർ ന്യൂസ് പോൾ ട്രാക്കർ സർവേകളാണ് എൽ.ഡി.എഫിന് തുടർഭരണം പ്രവചിക്കുന്നത്. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോർ സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എൽ.ഡി.എഫ് 72 മുതൽ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാൻ വേണ്ട 71 സീറ്റിലേക്ക് എത്താൻ യു.ഡി.എഫിന് കഴിയില്ലെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

വടക്കൻ കേരളത്തിൽ എൽ.ഡി.എഫിന് മുന്തൂക്കം ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നുണ്ട്. വടക്കൻ കേരളത്തിലെ 60 സീറ്റിൽ എൽ.ഡി.എഫ് 32 മുതൽ 34 സീറ്റ് വരെ നേടുമെന്നും സർവേ ഫലം പറയുന്നു. വടക്കൻ കേരളത്തിൽ 43% ശതമാനം എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും സർവേ പറയുന്നു. മധ്യകേരളത്തിൽ 39 ശതമാനം പേർ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നും സർവേ പറയുന്നു. മൂന്ന് ശതമാനം വോട്ട് മറ്റുള്ളവർക്കും ലഭിക്കുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേർക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ

എൽ.ഡി.എഫ് 72-78
യുഡിഎഫ് 59-65
എൻ.ഡി.എ 3-7
മറ്റുള്ളവർ–0

എൽ.ഡി.എഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോർ ന്യൂസ് പോൾ ട്രാക്കർ സർവേ പ്രവചനം. യു.ഡി.എഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ പറയുന്നു. സർവേയിൽ പങ്കെടുത്ത 42.38 ശതമാനം പേരാണ് എൽ.ഡി.എഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. യു.ഡി.എഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ പറയുന്നു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരിക്കുമെന്നും ട്വന്റിഫോര് സർവേ വ്യക്തമാക്കുന്നു. 30 ശതമാനം പേരാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത്.

ട്വന്റിഫോർ സർവേ

എൽ.ഡി.എഫ് 68-78
യു.ഡി.എഫ് 62-72
എൻ.ഡി.എ 1-2
മറ്റുള്ളവർ–0

ഇടത് ജനപ്രീതിയിൽ ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുന്നിൽ. കെ.കെ ശൈലജയാണ് തൊട്ടു പിന്നിൽ. കോൺഗ്രസിൽ ഉമ്മൻ‌ചാണ്ടി തന്നെയാണ് താരം. ശശി തരൂരിനും പിന്നിലാണ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചോദ്യത്തിൽ പിണറായി വിജയൻ തന്നെ എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ചെന്നിത്തല ഇവിടെയും ഏറെ പിന്നിലാണ്. ശബരിമല വിഷയം ഇപ്പോഴും ജനങ്ങളിൽ ഉണങ്ങാതെ കിടക്കുന്നു. സർക്കാരിന്റെ മോശം സമീപനമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. പ്രളയ-കോവിഡ് കാലത്ത് സർക്കാരിന്റെ മികച്ച പ്രകടനമായും ഭക്ഷ്യകിറ്റ് ക്ഷേമ പെൻഷനുകൾ എന്നിവ സർക്കാരിന് വലിയ മാർക്ക് നൽകുന്നു. അതേ സമയം സർവേ റിപ്പോർട്ടുകളെ അവഗണിക്കാനാണ് ഇടതു ക്യാമ്പുകളുടെ നിർദേശം. അവശതയിലുള്ള വലതു ക്യാമ്പുകളെ ഉണർത്താൻ മാധ്യമങ്ങളുടെ അജണ്ടയാണ് സർവേ റിപ്പോർട്ടെന്ന് ഇടത് കേന്ദ്രങ്ങൾ പറയുന്നു. അമിത ആത്മവിശ്വാസം നൽകി പ്രവർത്തകരെ പിന്തിരിപ്പിക്കാനാണ് ശ്രമമെന്നും കെണിയിൽ പെടേണ്ടതില്ലെന്നും നേതൃത്വം നിർദേശം നൽകിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സർവേ റിപ്പോർട്ടുകൾക്കെതിരെ സൈബർ വിഭാഗത്തിന്റെ കാമ്പയിനും തുടങ്ങിയിട്ടുണ്ട്.