സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം നാടിന് മുതൽക്കൂട്ടാകണമെന്ന് മുഖ്യമന്ത്രി

6

സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം നാടിന് മുതൽക്കൂട്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസസിന് കീഴിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സംസ്ഥാനതല പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തനിവാരണം എളുപ്പത്തിലും വേഗത്തിലും നടപ്പാക്കുന്നതിന് സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം നാടിന് മുതൽക്കൂട്ടാവണമെന്നും ഈ സേവനം തികച്ചും വിലമതിക്കാനാകാത്തതാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലയിലും സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിയ്യൂരിലുള്ള ഫയർ ആൻ്റ് റസ്ക്യൂ സർവീസസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ്, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ,
ഫയർ സർവീസ് അക്കാദമി ഡയറക്ടർ ഇൻ ചാർജ് റെനി ലൂക്കോസ്, തൃശൂർ ജില്ലാ ഫയർ ഓഫീസർ കെ എം അഷ്റഫ് അലി, സിവിൽ ഡിഫൻസ് അക്കാദമി ഡയറക്ടർ എസ് സൂരജ് തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ സെൻട്രൽ സ്റ്റേഡിയത്തിലും
മറ്റ് ജില്ലകളിൽ അതത് ജില്ലാ ആസ്ഥാനങ്ങളിലുമാണ് പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചത്.

സ്റ്റേഷൻ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പരിശീലനം പൂർത്തിയാക്കിയ 450 സ്ത്രീകൾ ഉൾപ്പെടെ 2400 സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ പാസിംഗ് ഔട്ടാണ് ഓൺലൈനായി നടന്നത്. തൃശൂർ ജില്ലയിൽ 180 സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് വിയ്യൂരിലുള്ള ഫയർ ആൻ്റ് റെസ്ക്യൂ സർവീസസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

2018-2019 കാലഘട്ടത്തിൽ കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളാണ് സിവിൽ ഡിഫൻസ് സേന രൂപീകരിക്കുന്നതിന് കാരണമായത്. കേരളത്തിലെ 124 ഫയർ സ്റ്റേഷനുകളുടെ കീഴിലായി 50 പേർ വീതം 6200 സിവിൽ ഡിഫൻസ് വളണ്ടിയർമാരെയാണ് തിരഞ്ഞെടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ പരിശീലനം പൂർത്തിയാക്കാൻ സാധിച്ച 2400 പേർക്കാണ് പാസിംഗ് ഔട്ട്. ആദ്യമായാണ് ഇത്രയും വിപുലമായ ഒരു പാസിംഗ് ഔട്ട് ഓൺലൈനായി സംഘടിപ്പിച്ചത്. ദുരന്തമുഖത്ത് ആദ്യ പ്രതികരണവുമായെത്തുന്ന തദ്ദേശവാസികൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുകയും അവരുടെ പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയുമാണ് സിവിൽ ഡിഫൻസ് രൂപീകരണം വഴി ലക്ഷ്യം വയ്ക്കുന്നത്.

ഓൺലൈൻ അപേക്ഷയിലൂടെ തെരഞ്ഞെടുത്ത 6200 പേർക്ക് പ്രാദേശികമായി സ്റ്റേഷൻ തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ലക്ചർ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്നിബാധാ
നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജല രക്ഷ, എന്നീ വിഷയങ്ങളിലാണ് പ്രധാനമായും പരിശീലനം നൽകിയത്.

സിവിൽ ഡിഫൻസ് അക്കാദമി ഡയറക്ടർ എസ് സൂരജ് 14 ജില്ലകളിലേയും അംഗങ്ങൾക്ക് ഓൺലൈനായി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഫയർ സർവീസ് അക്കാദമിയിൽ നടക്കുന്ന പരേഡിൻ്റെ കമാൻ്റിനനുസരിച്ച് നാഷണൽ സല്യൂട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ മറ്റു ജില്ലകളിലും നടക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിത്.
കേരളാ ഫയർ റസ്ക്യു സർവീസസ്, ഹോംഗാർഡ് ആൻറ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബി സന്ധ്യ ഐപിഎസ്, കേരളാ ഫയർ ആൻറ് റസ്ക്യു സർവീസസ് ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ്, കേരളാ സിവിൽ ഡിഫൻസ് റീജിയണൽ ഫയർ ഓഫീസർ വി സിദ്ധകുമാർ എന്നിവർ ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു.