സാമ്പത്തീക തിരിമറിയും വോട്ട് ചോർച്ചയും: സി.കെ ജാനുവിനെ സ്വന്തം പാർട്ടി സസ്പെൻഡ്‌ ചെയ്തു

70

സുല്‍ത്താന്‍ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന സി.കെ.ജാനുവിനെ അവരുടെ സ്വന്തം പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കിയതായും പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്നും വോട്ടുകള്‍ മറിച്ചെന്നുമാണ് ജാനുവിനെതിരെ അവരുടെ പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. ബിജെപി നേതാക്കളുമായി ചേര്‍ന്നാണ് ജാനു ഈ ഇടപാടുകള്‍ നടത്തിയതെന്നും നേതൃത്വം ആരോപിക്കുന്നു.

സുല്‍ത്താന്‍ബത്തേരിയില്‍ ഇത്തവണ ജാനുവിന് വോട്ട് ഗണ്യമായി കുറഞ്ഞിരുന്നു. ജനാധിപത്യ രാഷ്ട്രീയ സഭ നേതാവാണെങ്കിലും ബിജെപിയുടെ താമര ചിഹ്നത്തിലായിരുന്നു അവര്‍ മത്സരിച്ചിരുന്നത്.

2016-ലെ തിരഞ്ഞെടുപ്പില്‍ 27920 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ കിട്ടയത് 15198 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷയുമായാണ് സി.കെ. ജാനു മണ്ഡലത്തില്‍ മത്സരത്തിനെത്തിയത്. പക്ഷേ, കഴിഞ്ഞ തവണത്തെ വോട്ടുപോലും നിലനിര്‍ത്താനായില്ല. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ ജാനുവിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരേ തുടക്കം മുതല്‍ പ്രദേശിക നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു.

ബി.ജെ.പി.യെ തള്ളിപ്പറഞ്ഞ് 2018-ല്‍ ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടി മുന്നണിവിട്ടുപോയതും ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. വനിതാ മതിലില്‍ ജാനു പങ്കെടുത്തതുമാണ് ഇവര്‍ക്കുനേരേ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണര്‍ത്തിയത്. എന്നാല്‍ സംസ്ഥാന നേതൃത്വം ശക്തമായ നിലപാടെടുത്തതോടെയാണ് ബി.ജെ.പി. നേതാക്കള്‍ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയത്.