മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും നേതാക്കളും വയലാറിലും വലിയ ചുടുകാട്ടിലുമെത്തി: രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു; സത്യപ്രതിജ്ഞ വൈകീട്ട്

40

സത്യപ്രതിജ്ഞക്ക് മുമ്പായി പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രിയും സി.പി.എം, സി.പി.ഐ മന്ത്രിമാരും ആലപ്പുഴയിലെത്തി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. ആദ്യം വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പുന്നപ്രയിലെ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തിലേറും മുന്‍പ് രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കാറുണ്ട്. ഇത്തവണ കോവിഡ് സാഹചര്യത്തിലും പതിവ് തെറ്റിച്ചില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയുക്ത സ്പീക്കർ എം.ബി രാജേഷ്, എൽ.ഡി.എഫ് കൺവീനറും സി.പി.എം ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവൻ എ.എം ആരിഫ് എം.പി എന്നിവരെല്ലാം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

വൈകിട്ട് 3.30ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേ‍ഡിയത്തിലാണ് സത്യപ്രതിജ്ഞ. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് 500ഓളം പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നത് കൊണ്ട് എല്ലാവരും എത്തിച്ചേരാന്‍ സാധ്യതയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഇടത് മുന്നണിയുടെ എം.എല്‍.എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ മാത്രമേ ഉണ്ടാകൂ.