സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്ന് മുഖ്യമന്ത്രി

19

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ കഴിയില്ലല്ലോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുന്നത് എന്തിനാണെന്ന് അവര്‍ തന്നെയാണ് പറയേണ്ടത്. ഒരു സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് ഈ നിലപാടാണോ സ്വീകരിക്കേണ്ടത് ? മാധ്യമങ്ങളടക്കം അക്കാര്യം വിലയിരുത്തണം.

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. ആ മാന്യത പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ എന്നത് വേറെ കാര്യമാണ്. എങ്കിലും ഒരു പുതിയ തുടക്കമാകുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നു. അവരുടെ സാന്നിധ്യം ഇല്ലാത്തത് ശരിയായില്ല എന്നാണ് പറയാനുള്ളത്. അവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനാവില്ലല്ലോ ?

പ്രതിപക്ഷത്തെ എല്ലാവരെയും ചടങ്ങില്‍ പ്രതീക്ഷിക്കാറില്ലല്ലോ ? ചുരുക്കം ചില ആളുകളെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. അത്രയും പേര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്രയധികം പേര്‍ പങ്കെടുക്കേണ്ട, ഒന്നോ രണ്ടോ പേര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് അവര്‍ക്ക് തീരുമാനിക്കാമായിരുന്നു. അപ്പോള്‍ പ്രതിപക്ഷ സാന്നിധ്യം ഉറപ്പാകുമല്ലോ. എന്നാല്‍ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്ന് അദ്ദേഹം പറഞ്ഞു.