കെ- റെയിൽ നേരിട്ട് കേൾക്കാനും പറയാനും മുഖ്യമന്ത്രി: നാളെ ആദ്യ യോഗം തിരുവനന്തപുരത്ത്

4

കെ–റെയിലിന്റെ അർധ അതിവേഗപാത സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ പറയാനുള്ളത്‌ നേരിൽ കേൾക്കാൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ. നാളെ രാവിലെ 11ന് തിരുവനന്തപുരത്ത്‌ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ആദ്യയോഗം. രാഷ്‌ട്രീയപാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യും. ജനുവരി 27ന്‌ മുൻപ് ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത്‌ ജനുവരി 6 നും കൊല്ലത്ത്‌ 12നും 14ന്‌ പത്തനംതിട്ടയിലും 17ന്‌ തൃശൂരും 20ന്‌ കണ്ണൂരും യോഗം ചേരും. കേരളത്തിന്റെ അഭിമാനപദ്ധതിയായ സിൽവർലൈൻ നിലവിൽ വരുന്നതോടെ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയും. അതോടൊപ്പം കൊച്ചി–തിരുവനന്തപുരം യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങുകായും ചെയ്യും. സംസ്ഥാനത്തെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാസമയം നാലിലൊന്നായി കുറയും. പദ്ധതി പൂർത്തിയാകുന്നതോടെ വ്യവസായ, സാങ്കേതിക, ടൂറിസം മേഖലകളിൽ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്‌. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. ജനങ്ങളെ ഭീതിയിലാക്കിയും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിയും പദ്ധതി പൊളിക്കാനുള്ള ശ്രമം വിവിധ കേന്ദ്രങ്ങൾ തുടരുകയാണ്‌. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനും കാര്യങ്ങൾ കൃത്യമായും വ്യക്തമായും അവതരിപ്പിക്കാനുമാണ് മുഖ്യമന്ത്രി പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്.

Advertisement
Advertisement