കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പുർണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ല, അഴിമതിക്കാർക്ക് സംരക്ഷണമുണ്ടാവില്ല, ഫയലുകൾ ചോർത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്, ലോക്ക് ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനിക്കാറായില്ലെന്നും മുഖ്യമന്ത്രി

20

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പുർണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലായത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തിൽ കാണുന്ന കുറവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രതയിൽ വീഴ്ച വരുത്താൻ പറ്റാത്ത സാഹചര്യം തുടരുകയാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കും. അതിനാൽ ആശുപത്രികളിൽ കൂടുതൽ തിരക്കുണ്ടാകാതിരിക്കണം. മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ട പ്രധാന മുൻകരുതലാണിതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈക്കോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെസ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ശരീരത്തിൻ്റെ ഓക്സിജൻ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഗുണനിലവാരമുള്ള ഓക്സിമീറ്ററുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സിമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫംഗസ് രോഗത്തിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ചോദിച്ചിട്ടുണ്ട്. മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് അവ ലഭ്യമാക്കാൻ മെഡിക്കൽ സർവ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിൻ എടുത്തവരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തവർ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ല.

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനമായി അറിയിച്ചു. അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ സംരക്ഷിക്കില്ല. ഫയലുകളിലെ വിവരങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ ദാരിദ്ര്യ നിർമാർജനം, സർക്കാർ സേവനങ്ങൾ സർക്കാർ ഓഫിസിൽ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കൽ സേവനം നൽകൽ എന്നിവ സമയബന്ധിതമായി നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കും.

ഭരണ നിർവഹണത്തിൽ സുതാര്യത വരുത്തുന്നതിനാണിത്. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, സെമി ഹൈസ്പീഡ് റെയിൽവെ, മലയോര ഹൈവെ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നൽകി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.