അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: തോല്പിച്ചത് അമിത ആത്മവിശ്വാസവും ഗ്രൂപ്പ് പ്രവർത്തനവും സംഘടനാ ദൗർബല്യവും, ശബരിമല തിരിച്ചടിച്ചു; ഉമ്മൻ‌ചാണ്ടിയെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് തള്ളുന്നു, കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കെ.സുധാകരന് മുൻഗണന

36

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. 

അമിത ആത്മവിശ്വാസവും ഗ്രൂപ്പ് പ്രവർത്തനവും സംഘടനാ ദൗർബല്യവും ശബരിമല വിഷയവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ കൂട്ടായ നേതൃത്വം ഉണ്ടായില്ലെന്നും മുഖ്യമന്ത്രിയുടെ ജനകീയത തിരിച്ചറിഞ്ഞില്ലെന്നും സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വേണ്ടത്ര നേട്ടമുണ്ടാക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്. കെ സുധാകരനാണ് മുൻഗണന. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പി.ടി തോമസിനെയും പരിഗണിക്കുന്നു. നേതൃതലങ്ങളിലേക്ക് യുവാക്കൾക്ക് പരിഗണന നൽകാനാണ് ശുപാർശ. ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, കെ.എസ് ശബരീനാഥൻ, വി.ടി ബൽറാം എന്നിങ്ങനെ പേരുകൾ പട്ടികയിലുണ്ട്.

കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. ഓണ്‍ലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്. 

കേരളം ഉള്‍പ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ടാണ് അശോക് ചവാന്‍ സമിതി സമര്‍പ്പിച്ചത്.