കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും: നേമത്ത് ഉമ്മൻ‌ചാണ്ടിയിൽ തീരുമാനമായില്ല, നേമത്ത് മത്സരിക്കുന്നയാൾക്ക് മുഖ്യമന്ത്രി സ്ഥാനമെന്ന് ഹൈക്കമാൻഡ്, മൂന്ന് വനിതകളുമായി തൃശൂരിന്റെ പട്ടിക

81

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് ആറുമണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചുനടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 

നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകളെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. സോണിയാഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക. നിലവില്‍ ചില ഉപാധികള്‍ ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കുന്നയാളാവും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു.

തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണകരമാകുമെങ്കില്‍ വെല്ലുവിളി ഏറ്റെടുക്കാമെ ഗ്രൂപ്പ് യോഗത്തില്‍ എ ഗ്രൂപ്പിലെ യുവനേതാക്കളാണ് ഉമ്മന്‍ചാണ്ടിയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഉമ്മന്‍ചാണ്ടി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ട് തന്നെയായിരിക്കും ഇറങ്ങിയേക്കുക എന്നും വിവരമുണ്ട്. തൃശൂരിൽ മൂന്ന് വനിതകളടക്കം പുതുമുഖങ്ങളുമായിട്ടാണ് നിലവിൽ പരിഗണിച്ചിരിക്കുന്ന പട്ടികയിൽ ഉള്ളത്. വടക്കാഞ്ചേരിയിൽ അനിൽ അക്കരയും തൃശൂരിൽ പദ്മജ വേണുഗോപാലും ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. പ്രതിഷേധമുയർന്ന ചാലക്കുടിയിൽ ഉൾപ്പെടെ നേതൃത്വം നിർദേശിച്ച ആളുകളെ ഒഴിവാക്കി. തൃശൂർ-പത്മജ വേണുഗോപാൽ, പുതുക്കാട്-ഡോ.നിജി ജസ്റ്റിൻ, മണലൂർ-സുബി ബാബു എന്നിവിടങ്ങളിലാണ് വനിതാ സ്ഥാനാർഥികൾ. ചാലക്കുടി-ടി.ജെ.സനീഷ്കുമാർ, ഒല്ലൂർ-ജോസ് വള്ളൂർ, നാട്ടിക-സുനിൽ ലാലൂർ, കൊടുങ്ങല്ലൂർ-സി.എസ്.ശ്രീനിവാസ്, കുന്നംകുളം-കെ.ജയശങ്കർ, ചേലക്കര-സി.സി.ശ്രീകുമാർ, കൈപ്പമംഗലം- ശോഭാസുബിൻ (ആർ.എസ്.പി വിട്ടു നൽകിയാൽ) എന്നിങ്ങനെയാണ് ധാരണയായിട്ടുള്ളത്. വൈകീട്ട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.