തെരഞ്ഞെടുപ്പ് പരാജയം: കോൺഗ്രസിൽ അഴിച്ചു പണി വരുന്നു; ഡി.സി.സി പ്രസിഡന്റുമാരെ മാറ്റുന്നു

46

തെരഞ്ഞെടുപ്പ് പരാജയത്തിനെ തുടർന്ന് കോണ്‍ഗ്രസില്‍ അഴിച്ചുപണി. രണ്ടിടങ്ങളിലൊഴികെയുള്ള സംസ്ഥാനത്തെ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാന്‍ എ.ഐ.സി. നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാനാണ് തീരുമാനമായത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെയാണ് മാറ്റുക.

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കോഴിക്കോട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് നിര്‍ദേശം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എ.ഐ.സി.സി സെക്രട്ടറിമാർ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ തുടരും.