അദാനി-കെ.എസ്.ഇ.ബി കരാർ രേഖ പുറത്ത് വിട്ട് ചെന്നിത്തല

6

അധികവില നല്‍കി വൈദ്യുതി വാങ്ങാന്‍ അദാനി എന്റര്‍പ്രൈസസുമായി കെ.എസ്.ഇ.ബി കരാര്‍ ഉണ്ടാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് അദാനിയുമായുണ്ടാക്കിയ കരാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരം രമേശ് ചെന്നിത്തല പുറത്തുവിട്ടത്. 

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. 2021 ഫെബ്രുവരി 15 ന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി.യുടെ കമേഴ്‌സ്യല്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് ലെറ്റര്‍ ഓഫ് അവാര്‍ഡ് ഒപ്പുവെച്ചു നല്‍കിയിട്ടുള്ളത്. ചീഫ് എന്‍ജിനീയറുടെ പൂര്‍ണ്ണ അധികാരത്തോടെയാണ് ഈ രേഖയില്‍ ഒപ്പുവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതായി പ്രതിപക്ഷനേതാവ് അറിയിച്ചു. 

2021 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍ 16 മുതല്‍ 30 വരെയും മെയ് 1 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇതതനുസരിച്ച് അദാനിയില്‍ നിന്ന് യൂണിറ്റിന് 3.04 രൂപ വെച്ച് വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കിട്ടിത്തുടങ്ങിയതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അദാനിയുമായി ഹ്രസ്വകാല ഇടപാടില്‍ കരാര്‍ ഒപ്പു വയ്ക്കാത്തതെന്നും പകരം അതിന് തുല്യമായ ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി ഉടമ്പടി നടപ്പില്‍ വരുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. 

അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിയ്ക്ക് കത്തെഴുതുകയും തുടര്‍ന്ന്  അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ 17.3.2021 ന് പബ്ലിക് ഹിയറിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്.

ഈ ഇടപാടിന് പിന്നില്‍ സാമ്പത്തിക ലാഭവും രാഷ്ട്രീയലാഭവും മാത്രമാണുള്ളത്. 25 വര്‍ഷക്കാലം അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും ഉയര്‍ന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സര്‍ക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.