വോട്ടെണ്ണൽ കേന്ദ്രത്തിൽ കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

14

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയും ഏജന്റുമാരേയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.

 48 മണിക്കൂറിനുള്ളില്‍ ആന്റിജന്‍/ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. 

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഏജന്റുമാരുടെ പേരുവിവരങ്ങള്‍ മൂന്ന് ദിവസത്തിന് മുന്നില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്.  വിജയിച്ച സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സര്‍ട്ടിഫിക്കറ്റുവാങ്ങാന്‍ പോകുമ്പോള്‍ രണ്ടുപേര്‍ മാത്രമേ ഒപ്പം പോകാവൂ. അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായിരിക്കണം സര്‍ട്ടിഫിക്കറ്റു വാങ്ങേണ്ടതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

കേരളം, ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് മേയ് രണ്ടിന് വോട്ടെണ്ണുന്നത്.