കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി: നാലാം തിയതി രോഗം ബാധിച്ചിട്ടില്ല, ഭാര്യ കൂടെ വന്നത് സാധാരണ കാര്യമെന്നും മുഖ്യമന്ത്രി

12

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോട്ടോകോള്‍ ലംഘനം എന്താണെന്ന് പറയട്ടെ അപ്പോള്‍ മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.

നാലാം തീയതി തനിക്ക് രോഗം ബാധിച്ചിട്ടില്ല. ആറാം തീയതി വോട്ട് ചെയ്ത ദിവസവും ഏഴാം തീയതിയും താന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പോകുന്നതൊക്കെ കുടുംബ ബന്ധത്തിന്റെ ഭാഗമാണ്. കുടുംബങ്ങളില്‍ ഇതൊക്കെ സാധാരണമാണ്. തനിക്കും കൊച്ചുമകനും രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഭാര്യയും ഒപ്പംവന്നുവെന്നത് ശരിയാണ്. പിന്നീട് നടത്തിയ ടെസ്റ്റിലാണ് ഭാര്യയ്ക്ക് രോഗബാധ കണ്ടെത്തിയത്. താന്‍ ആയതുകൊണ്ട് മാത്രമാണ് അത് വിവാദമായതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.