അദാനി കമ്പനിയുടെ പരസ്യം സി.പി.എം. നിയന്ത്രണത്തിലുള്ള ചിന്ത വാരികയില്‍

36

അദാനി കമ്പനിയുടെ പരസ്യം സി.പി.എം. നിയന്ത്രണത്തിലുള്ള ചിന്ത വാരികയില്‍. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവന്‍ പേജ് പരസ്യം നല്‍കിയത്. രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ്ജ ഉത്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരന്‍ എന്ന് അവകാശപ്പെടുന്നതാണ് ചിന്തയിലെ പരസ്യം. 

രാഷ്ട്രീയ നയത്തില്‍ എതിര്‍ ചേരിയില്‍ നിര്‍ത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സിപിഎം വാരിക തന്നെ പ്രസിദ്ധീകരിച്ചത് ഇതിനകം ചർച്ചയായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും അദാനി ഗ്രൂപ്പുമായുള്ള ബന്ധം ഉന്നയിച്ച് നിരവധി ലേഖനങ്ങള്‍ ചിന്തയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തിരുവനന്തപരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് സിപിഎം പ്രത്യക്ഷ സമരത്തിലാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിടയക്കം നിരവധി വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. ഇതിനിടയിൽ അദാനിയുടെ പരസ്യം സ്വന്തം പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയത് സിപിഎമ്മിൽ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.