സി.പി.എം പ്രഖ്യാപിക്കുന്നു; വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം

11

പുതുമുഖങ്ങളെമാത്രം ഉൾപ്പെടുത്തിയുള്ള പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിലൂടെ സി.പി.എം. ചൊവ്വാഴ്ച രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചു. എന്നാൽ, പാർട്ടി ഉയർത്തിക്കാട്ടിയത് അവരുടെ പ്രഖ്യാപിത നയമാണ്. വ്യക്തിയല്ല, പാർട്ടിനയമാണ് പ്രധാനം എന്നതുതന്നെ. പല ഘട്ടങ്ങളിലായി ഇ.എം.എസ്. മുതൽ പിണറായി വിജയൻവരെ ആവർത്തിച്ച പ്രഖ്യാപനമാണത്.

പിണറായിക്കുപുറമേ ആരോഗ്യമന്ത്രി കെ.കെ. ശൈലജകൂടി മന്ത്രിസഭയിലെത്തുമെന്ന എല്ലാ പ്രചാരണങ്ങളെയും തള്ളിയാണ് പുതുമുഖങ്ങളെ വെച്ചുള്ള പട്ടികയ്ക്ക് സി.പി.എം. രൂപംനൽകിയത്. മുഖ്യമന്ത്രിയെപ്പോലെത്തന്നെ ഇക്കഴിഞ്ഞ വർഷങ്ങളിലെ പ്രതിസന്ധിഘട്ടങ്ങളിൽ ആരോഗ്യമന്ത്രി എന്ന നിലയിൽ ശൈലജ പ്രകടിപ്പിച്ച ഭരണമികവിനെ കണക്കിലെടുക്കാമായിരുന്നു എന്ന് പാർട്ടിയിലെ അപൂർവം ചിലർ അഭിപ്രായപ്പെട്ടെങ്കിലും ഭൂരിപക്ഷം അംഗങ്ങളും പുതിയ പട്ടികയോട് ഐക്യപ്പെട്ടു.

പാർട്ടി പ്രതിനിധികൾ എന്ന നിലയിൽ ജനസേവനം നടത്തുക എന്നതിനപ്പുറം വ്യക്തിപൂജയിലേക്കും ആരെയെങ്കിലും ഉയർത്തിക്കാട്ടുന്നതിലേക്കും ചില പ്രചാരണങ്ങൾ നീങ്ങുന്നുവെന്ന് പാർട്ടി തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇപ്പോഴത്തെ പുതുമുഖ പരീക്ഷണം. അവസരം ലഭിക്കുമ്പോൾ അതനുസരിച്ച് പാർട്ടി പ്രതിനിധികൾ ഉയരുക എന്നതാവണം നയമെന്നും ഇവിടെ വ്യക്തി അപ്രസക്തമാണെന്നും കൂടി ഇതിലൂടെ വിളിച്ചുപറയുകയാണ് സി.പി.എം.

പാർട്ടിയെക്കാൾ പ്രതിച്ഛായ നേടിയവർ പിന്നീട് പാർട്ടിക്കുണ്ടാക്കിയ പ്രതിസന്ധി മുന്പ് പലതവണ സി.പി.എം. നേരിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ, പ്രതിപക്ഷ നേതാവ് എന്നനിലയിൽ വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രവർത്തനം പിന്നീട് പാർട്ടിയിൽ വർഷങ്ങളോളം ഔദ്യോഗിക വിഭാഗവുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. വി.എസിന് സീറ്റ് നിഷേധിച്ച രണ്ട് ഘട്ടങ്ങളിലും ആ പ്രതിച്ഛായ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ പാർട്ടിക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അതിനുമുമ്പ് ബദൽ രേഖയുമായി എം.വി. രാഘവനും പിന്നീട് കെ.ആർ. ഗൗരിയമ്മയും ഉണ്ടാക്കിയ ക്ഷീണം മറികടക്കാൻ സി.പി.എമ്മിന് ഏറെ വിയർക്കേണ്ടി വന്നു.

ഇനിയും അത്തരം പ്രതിസന്ധികൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലാണ് സി.പി.എം. നേതൃത്വം സ്വീകരിച്ചുവരുന്നത്. കണ്ണൂരിൽ ഒരുഘട്ടത്തിൽ സ്വന്തം അണികളെ സൃഷ്ടിച്ച പി. ജയരാജനും ഇത്തരത്തിൽ പാർട്ടിയുടെ നിയന്ത്രണമുണ്ടായി.

കെ.കെ. ശൈലജ അത്തരത്തിലുള്ള പ്രവർത്തനങ്ങളിലൊന്നും ഏർപ്പെട്ടിരുന്നില്ലെങ്കിലും പൊതു ഇടങ്ങളിൽ പാർട്ടിയെക്കാൾ സ്വീകാര്യത അവർ നേടിയെടുത്തു എന്നതാണ് കോവിഡ് കാലത്തുണ്ടായ പ്രതീതി. അതത് കാലത്ത് പാർട്ടി നിശ്ചയിക്കുന്ന പേരുകൾക്ക് ഈ പ്രതിച്ഛായ ഒരു പ്രതിസന്ധിയായി രൂപംകൊള്ളുന്ന സ്ഥിതി ഒഴിവാക്കാനുള്ള മുൻകരുതൽ കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. അതോടൊപ്പം തന്നെ, വ്യക്തിയല്ല, പാർട്ടിയും നയവുമാണ് പ്രധാനമെന്ന മുദ്രാവാക്യംകൂടി അവർ ഉറക്കെ മുഴക്കുന്നു.